സമാധാനം തേടി കാട്ടിലേക്ക് ; ബെന്നിയെ കാത്തിരുന്നത് പ്രകൃതിയുടെ അപൂര്‍വ സൗന്ദര്യം

ബെന്നി അജന്ത / വി നിഷാദ്

എല്ലാ ജീവജാലങ്ങളെയും നിലനിര്‍ത്തുന്ന ഭൂമി എന്നതാണ് ഇത്തവണ ലോക വന്യജീവി ദിനത്തില്‍ ഐക്യരാഷ്ട്ര സഭ മുന്നോട്ടുവയ്ക്കുന്ന പ്രമേയം. ഈ വന്യ ജീവി ദിനത്തില്‍ പ്രശസ്ത വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രാഫറായ ബെന്നി അജന്ത ട്വന്റിഫോര്‍ ഡോട്ട്‌കോമിനോട് പങ്കുവയ്ക്കുന്നത് തന്റെ 18 വര്‍ഷത്തെ കാടുമായുള്ള അപൂര്‍വ സൗഹൃദ കഥകള്‍.

വന്യജീവി ഫൊട്ടോഗ്രഫിയില്‍ സംസ്ഥാന ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ബെന്നി അജന്ത മുന്നോട്ട് വയ്ക്കുന്ന സന്ദേശം വീട് പോലെ കാട് സംരക്ഷിപ്പെടണം എന്നതാണ്. ആള്‍ക്കൂട്ട ബഹളങ്ങളില്‍ നിന്ന് സമാധാനം തേടി കാട് കയറി തുടങ്ങിയതാണ് ഫൊട്ടോഗ്രാഫറായ ബെന്നി അജന്ത. പിന്നീട് കാട് ബെന്നിയുടെ ഹരമായി. 18 വര്‍ഷങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ ബെന്നി കാട്ടിലേക്കിറങ്ങിയപ്പോള്‍ കാത്തിരുന്നത് ഫൊട്ടോഗ്രഫിയുമായി ബന്ധപ്പെട്ട അന്‍പതിലധികം പുരസ്‌കാരങ്ങളാണ്.

ബെന്നി അജന്ത പകര്‍ത്തിയ ചിത്രം

 

മനോഹരമായ ഫ്രെയിമുകള്‍ മാത്രമല്ല, സഹജീവികളോട് പങ്കുവയ്ക്കാന്‍ കാടുമായി ബന്ധപ്പെട്ടുള്ള നൂറ്കണക്കിന് കഥകളുമായാണ് ഒരോ തവണയും പത്തനംതിട്ടക്കാരനായ ബെന്നി നാട്ടിലേക്ക് തിരിച്ചെത്തുന്നത്. ഒരു തവണ കാടറിഞ്ഞ് മലകയറിയാല്‍ വീണ്ടും വീണ്ടും കാട് കയറുമെന്ന് ബെന്നി സക്ഷ്യപ്പെടുത്തുന്നു.

ബെന്നി അജന്ത പകര്‍ത്തിയ ചിത്രം

 

 കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ ഏകദേശം എല്ലാ കാടുകളിലും ബെന്നി ക്യാമറുമായി കടന്ന് ചെന്നിട്ടുണ്ട്. കാട് കയറുന്നതിന് പ്രത്യേകം തയാറെടുപ്പുകള്‍ ഉണ്ടെന്നും ബെന്നി പറയുന്നു. സോപ്പ് ഉപയോഗിച്ച് കുളിക്കാറില്ല. മാംസാഹാരം പൂര്‍ണമായി ഒഴിവാക്കും. ഗന്ധം തിരിച്ചറിഞ്ഞ് വന്യജീവികള്‍ ആക്രമിക്കാതിരിക്കാനുള്ള മുന്‍കരുതലാണിത്.

തേക്കടി കാടിനാണ് ഏറ്റവും മനോഹാരിത എന്നാണ് ബെന്നി പറയുന്നത്. അപൂര്‍വ ഇനം വന്യജീവികളുടെയും സസ്യങ്ങളുടെയും ദേശാടനപക്ഷികളുടെയും ഒട്ടേറെ ചിത്രങ്ങള്‍ പകര്‍ത്താനായത് തേക്കടിയില്‍ നിന്നാണെന്നും ബെന്നി പറഞ്ഞു.

ബെന്നി അജന്ത പകര്‍ത്തിയ ചിത്രം

 

                                                                                                                                               

കാട് സംരക്ഷിക്കുന്നത് സ്വന്തം വീട് സംരക്ഷിക്കുന്നത് പോലെ പ്രധാനമാണ്. വനപാതകളില്‍ രാത്രി ഗതാഗതം നിരോധിക്കുന്നതിനെപ്പറ്റി ഗൗരവമായി ആലോചിക്കണം. ഇത്തരം സ്ഥലങ്ങളില്‍ സര്‍ക്കാരുകള്‍ സഞ്ചാരത്തിനായി ബദല്‍ മര്‍ഗങ്ങള്‍ ഒരുക്കണം. കാടിനേയും വന്യജീവികളേയും അതിന്റെ പാട്ടിന് വിടണം. ശല്യം ചെയ്യാനും നശിപ്പിക്കാനും പോവരുത്. നാളെ ഭാവി തലമുറയ്ക്ക് വേണ്ടി കാടും മേടും ഈ കാലാവസ്ഥയും സംരക്ഷിക്കണമെന്നാണ് പ്രകൃതി സ്‌നേഹിയായ ഈ ഫൊട്ടോഗ്രാഫറുടെ നിലപാട്.

 

രണ്ടാഴ്ച മുന്‍പ് ബന്ദിപ്പൂര്‍ വനത്തില്‍ നിന്നെടുത്ത ഏറ്റവും പുതിയ തന്റെ ചിത്രത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ബെന്നി ആവേശഭരിതനായി. തള്ളക്കടുവയും രണ്ട് കുഞ്ഞുങ്ങളും വെയില്‍ കാഞ്ഞിരിക്കുന്ന അപൂര്‍വ ചിത്രമാണ് ബെന്നിയുടെ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തത്.

ബെന്നി അജന്ത പകര്‍ത്തിയ ചിത്രം

 

                                                                                                                   

Story Highlights- World Wildlife Day, Benny Ajanta, 50 awards in photography

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top