ദേവനന്ദയുടെ മരണം; ഫോറൻസിക് സംഘം പരിശോധന നടത്തി

കൊല്ലം ഇളവൂരിലെ ഏഴ് വയസുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഫോറൻസിക് വിദഗ്ധ സംഘം പരിശോധന നടത്തി. തിരുവനന്തപുരം ഫോറൻസിക് മേധാവി കെ ശശികലയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മൂന്ന് മണിയോടെ ഇളവൂരിലെത്തിയ സംഘം വീട്ടിലും ഇത്തിക്കരയാറിന്റെ വിവിധ ഭാഗങ്ങളിലുമാണ് പരിശോധന നടത്തിയത്. മൃതദ്ദേഹം കണ്ടെത്തിയപ്പോൾ പൊലീസ് പകർത്തിയ ദൃശ്യങ്ങൾ സംഘം പരിശോധിച്ചു. കേസിന്റെ അന്വേഷണ ചുമതലയുള്ള ചാത്തന്നൂർ അസിസ്റ്റന്റ് കമ്മീഷണർ ജോർജ് കോശിയും സംഘത്തിനൊപ്പമുണ്ടായിരുന്നു.

Read Also: ദേവനന്ദയുടെ മരണം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

ഫോറൻസിക് സംഘം പ്രദേശത്ത് നിന്ന് സാമ്പിളുകൾ ശേഖരിച്ചു. വെള്ളവും ചെളിയും ഉൾപ്പെടെയുള്ളവയാണ് ശേഖരിച്ചത്. പൊലീസിന്റെ അഭ്യർത്ഥന പ്രകാരമാണ് വിദഗ്ധ പരിശോധന നടന്നത്. ദേവനന്ദയുടേത് മുങ്ങി മരണമാണെന്ന് നേരത്തെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. കുട്ടിയെ ആരോ അപായപ്പെടുത്തിയെന്ന വാദമാണ് കുടുംബം ഉന്നയിക്കുന്നത്.

കഴിഞ്ഞ ദിവസം ദേവനന്ദയുടെ മരണം മനസിൽ നിന്ന് ഒരിക്കലും മായാത്ത വേദനയായി മാറിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഒറ്റപ്പെട്ട നിലയിൽ കുഞ്ഞുങ്ങളെ കണ്ടാൽ പ്രത്യേക ശ്രദ്ധയോടെ ഇടപെടണമെന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. ദേവനന്ദയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

 

devananda, forensic team

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top