സ്വാതി സംഗീത പുരസ്‌കാരം ഡോ. എല്‍ സുബ്രഹ്മണ്യത്തിന്

സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത സംഗീത പുരസ്‌കാരമായ സ്വാതി പുരസ്‌കാരം സംഗീതജ്ഞനും വയലിനിസ്റ്റുമായ ഡോ. എല്‍ സുബ്രഹ്മണ്യത്തിന്. കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കെപിഎസി ലളിത, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, സംഗീതജ്ഞരായ മുഖത്തല ശിവജി, ശ്രീവത്സന്‍ ജെ മേനോന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ നിശ്ചയിച്ചത്. രണ്ട് ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

കര്‍ണാടക സംഗീതത്തിലും പാശ്ചാത്യ സംഗീതത്തിലും ഡോ. എല്‍ സുബ്രഹ്മണ്യം അവഗാഹം നേടിയിട്ടുണ്ട്. വിവിധ സംഗീതധാരകളുടെ സമന്വയത്തിലൂടെ ഫ്യൂഷന്‍ സംഗീതത്തിന് പുതിയ മാനങ്ങള്‍ നല്‍കിയ കലാകാരനാണ് അദ്ദേഹം. 1947 ജൂലൈ 23 ന് ജനിച്ച അദ്ദേഹം വളരെ കുട്ടിക്കാലത്തു തന്നെ ശാസ്ത്രീയ സംഗീതം അഭ്യസിച്ചുതുടങ്ങി. ആറാം വയസില്‍ അരങ്ങേറ്റവും നടത്തി. അച്ഛനും പ്രശസ്ത വയലിനിസ്റ്റുമായ പ്രൊഫ. വി ലക്ഷ്മിനാരായണനാണ് സംഗീതത്തില്‍ ആദ്യപാഠങ്ങള്‍ നല്‍കിയത്. സഹോദരന്മാരായ എല്‍ ശങ്കര്‍, പരേതനായ എല്‍ വൈദ്യനാഥന്‍ എന്നിവരും ഡോ. എല്‍ സുബ്രഹ്മണ്യവും ചേര്‍ന്ന് നടത്തിയ വയലിന്‍ ത്രയം സംഗീത ആസ്വാദകരുടെ വലിയ അംഗീകാരം നേടിയിട്ടുണ്ട്.

കര്‍ണാടക സംഗീതത്തിലെ പ്രശസ്തരായ ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, ശെമ്മങ്കുടി ശ്രീനിവാസ അയ്യര്‍, എം ഡി രാമനാഥന്‍, കെ വി നാരായണസ്വാമി തുടങ്ങി നിരവധി ഗായകരുടെ കച്ചേരികള്‍ക്ക് വയലിന്‍ വായിച്ചിട്ടുണ്ട്. ലോക പ്രശസ്ത വയലിന്‍ മാന്ത്രികന്‍ യഹൂദി മെനൂഹിന്‍, സംഗീതജ്ഞരായ സ്റ്റീഫന്‍ ഗ്രപ്പെലി, ജോര്‍ജ് ഹാരിസണ്‍ തുടങ്ങിയവര്‍ക്കൊപ്പം സംഗീത പരിപാടികള്‍ അവതരിപ്പിച്ചു.

ലോകത്തിലെ വിവിധ രാജ്യങ്ങളിലെ പാശ്ചാത്യ സംഗീത ഓര്‍ക്കസ്ട്രകള്‍ക്കൊപ്പം തന്റെ സംഗീതം അവതരിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. കര്‍ണാടക സംഗീതത്തിലും പാശ്ചാത്യസംഗീതത്തിലും ഫ്യൂഷന്‍ സംഗീതത്തിലും നിരവധി കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. നിരവധി സിനിമകള്‍ക്കും സംഗീതം നല്‍കി. വിഖ്യാത ഗായികയായ കവിത കൃഷ്ണമൂര്‍ത്തിയാണ് ഭാര്യ.

Story Highlights: dr. l subramaniam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top