മാനസിക ആരോഗ്യ കേന്ദ്രത്തിൽ ഓർമ നഷ്ടപ്പെട്ട് കഴിഞ്ഞ യുവാവിന് തുണയായത് ഓട്ടോ നമ്പർ

മാനസിക ആശുപത്രിയിൽ നിന്ന് യുവാവിനെ രക്ഷിച്ചത് ഓട്ടോ നമ്പർ. രണ്ട് മാസം മുൻപായിരുന്നു അശോക് രാജ്പുതിനെ കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ഇയാളെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത് പെരിന്തൽമണ്ണ സബ് ജയിലിൽ നിന്നാണ്. മോഷണക്കേസിലെ പ്രതിയായാണ് ജയിലിലെത്തിയതെങ്കിലും മേൽവിലാസം പോലും ഇല്ലാതെയാണ് അശോകിനെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്കെത്തിച്ചത്. ആരും സഹായിക്കാനുമുണ്ടായിരുന്നില്ല. ആരോരും അറിയാതെ, മേൽവിലാസം പോലും അറിയാതെ ജീവിതം മുന്നോട്ട് നീക്കേണ്ടി വരുമെന്ന അവസ്ഥയായിരുന്നു മാനസികാസ്വാസ്ഥ്യം ഉള്ള ഈ ഇരുപത്താറുകാരന്. പക്ഷേ ഒരു ഓട്ടോ നമ്പർ അശോകിനെ രക്ഷിച്ചു. വീട്ടിലെത്തിക്കുകയും ചെയ്തു. എങ്ങനെയെന്നല്ലേ…
സാമൂഹ്യ പ്രവർത്തകനായ സുഭാഷ് മാതോട്ടത്തിന്റെ ഇടപെടലാണ് അശോകിനെ രക്ഷിച്ചത്. ചികിത്സ തുടങ്ങിയ ശേഷം സാധാരണ നിലയിലായ അശോകിന് പക്ഷേ തന്റെ മേൽവിലാസം പോലും ഓർത്തെടുക്കാൻ സാധിച്ചിരുന്നില്ല. പക്ഷേ ഒരു ദിവസം പെട്ടെന്ന് അശോകിന് താൻ ഓടിച്ചിരുന്ന ഓട്ടോയുടെ നമ്പർ ഓർമ വന്നു. – എംപി 04 1449.
സുഭാഷ് മാതോട്ടം നമ്പറിനെ ചുറ്റിപ്പറ്റി അന്വേഷണം തുടങ്ങി. ഈ നമ്പർ ഭോപാൽ ട്രാൻപോർട്ട് ഓഫീസിൽ രജിസ്റ്റർ ചെയ്തതായിരുന്നു. അന്വേഷണം പിന്നീട് അശോക് ഗാർഡൻ പൊലീസ് സ്റ്റേഷനിലേക്ക് എത്തി. അവിടെ നിന്നുള്ള വിവരം അനുസരിച്ച് അശോക് രാജ്പുതിനെ കാണാതായ സമയത്ത് തന്നെ അവരുടെ കുടുംബം കാണാനില്ലെന്ന് പരാതി നൽകിയിട്ടുണ്ടായിരുന്നു. ബാലക് റാമിന്റെയും രാധാ ബായിയുടെയും മകനായ അശോക് കുട്ടിക്കാലം തൊട്ട് മയക്കുമരുന്നിന് അടിമയായിരുന്നു. 2013 മുതൽ ചികിത്സയിലായിരുന്നു അശോക്. ആറ് മാസം മുൻപാണ് അശോകിനെ കാണാതായത്.
പത്ത് ദിവസം മുൻപ് അശോകിന്റെ രക്ഷിതാക്കൾ കോഴിക്കോട് എത്തി. മാനസിക ആസ്വാസ്ഥ്യമുള്ള ആളാണെന്ന് സ്ഥിരീകരിച്ചതോടെ അശോകിനെ മോഷണക്കേസിൽ കോടതി വെറുതേ വിട്ടു. അശോക് ഇന്നലെ രക്ഷിതാക്കൾക്കൊപ്പം ഭോപ്പാലിലേക്ക് തിരിച്ചു.
mental hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here