വെളിച്ചപ്പാടിന് വേണ്ടി ഇനി ആരൊക്കെ രംഗത്ത് വരാനിരിക്കുന്നു; ഫേസ്ബുക്ക് പോസ്റ്റുമായി കവി

തൃശൂരില്‍ വ്യക്തിഹത്യയില്‍ മനംനൊന്ത് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കവി സി രാവുണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. മണലൂര്‍ സ്വദേശിനി ശ്യാംഭവിയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ കോമരം തുള്ളിയ ശ്രീകാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മണലൂര്‍ സ്വദേശിനി ശ്യാംഭവിക്ക് പാലാഴിയിലെ കുടുംബ ക്ഷേത്രത്തിലെ ചടങ്ങിനിടെയാണ് ദുരനുഭവമുണ്ടായത്. യുവതിക്ക് സ്വഭാവദൂഷ്യം ഉണ്ടെന്നും ദേവിക്ക് മുന്നില്‍ തെറ്റ് ഏറ്റ് പറഞ്ഞ് പരസ്യമായി മാപ്പ് പറയണമെന്നും കോമരം തുള്ളിയ ശ്രീകാന്ത് അവിടെ കൂടി നിന്ന ആളുകള്‍ക്ക് മുന്നില്‍വച്ച് വിളിച്ചു പറഞ്ഞു. ഇതില്‍ മനംനൊന്താണ് ശ്യാംഭവി ആത്മഹത്യ ചെയ്തത്.
Read More: വീട്ടമ്മയുടെ ആത്മഹത്യ; വെളിച്ചപ്പാട് അറസ്റ്റിൽ
കോമരത്തെ രക്ഷിക്കാന്‍ വിശ്വാസ സംരക്ഷകരും ആചാരവാദികളും രംഗത്ത് എന്ന വാര്‍ത്തക്കായി കാത്തിരിക്കുന്നുവെന്നാണ് കവി സി രാവുണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മാസങ്ങളായി ചിലര്‍ നടത്തിക്കൊണ്ടിരുന്ന ദുഷ്ടലാക്കോടെയുള്ള അപമാനിക്കലിന്റെ ക്ലൈമാക്‌സ് ആയിരുന്നു വെളിച്ചപ്പാടിന്റെ ആ കല്പനയെന്നും ഒരു യുവതിയുടെ ജീവിതത്തെ നശിപ്പിക്കാന്‍ കോമരത്തെ കരുവാക്കുക എന്ന നീചതന്ത്രമാണ് മണലൂരില്‍ അരങ്ങേറിയതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
Read More: വെളിച്ചപ്പാടിന്റെ വ്യക്തിഹത്യയിൽ യുവതി ജീവനൊടുക്കിയ സംഭവം; വനിതാ കമ്മീഷൻ കേസെടുത്തു
കവി സി രാവുണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റ്
തറവാട്ടമ്പലത്തിലെ തോറ്റത്തിനിടെ കോമരം തുള്ളിപ്പറഞ്ഞതാണ് ആ യുവതി തെറ്റുകാരിയാണെന്ന്. ആരെങ്കിലും എവിടെയെങ്കിലും നിന്ന് വിളിച്ചു പറയുന്നതുപോലെല്ല. കോമരത്തിന്റെ കല്പന ദൈവികമാണ്. പരമസത്യമാണ്. ദിവ്യജ്ഞാനം കൊണ്ട് അറിഞ്ഞതാണ്. ഇതിന് വേറെ തെളിവൊന്നും വേണ്ട. മാപ്പു പറയണമെന്ന വെളിച്ചപ്പാടിന്റെ ആജ്ഞ ഭഗവതിയുടെ ആജ്ഞതന്നെയാണ്. ഞാന്‍ തെറ്റു ചെയ്തിട്ടില്ല എന്ന് പറഞ്ഞ് അവള്‍ നിലവിളിച്ചു.
തറവാട്ടുവക ക്ഷേത്രത്തില്‍ തിങ്ങിക്കൂടിയ ഇരുന്നൂറോളം പേരില്‍ ഉറ്റ ബന്ധുക്കളും കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. ദൈവികമായ വെളിപ്പെടുത്തലില്‍ വിശ്വാസമര്‍പ്പിച്ചവര്‍, തെറ്റു ചെയ്തിട്ടില്ലെന്ന വീട്ടമ്മയുടെ ആവര്‍ത്തിച്ചുള്ള മുറവിളിക്കു കാത്തു കൊടുത്തില്ല. മാസങ്ങളായി ചിലര്‍ നടത്തിക്കൊണ്ടിരുന്ന ദുഷ്ടലാക്കോടെയുള്ള അപമാനിക്കലിന്റെ ക്ലൈമാക്‌സ് ആയിരുന്നു വെളിച്ചപ്പാടിന്റെ ആ ‘കല്പന ‘. ഒരു യുവതിയുടെ ജീവിതത്തെ നശിപ്പിക്കാന്‍ കോമരത്തെ കരുവാക്കുക എന്ന നീചതന്ത്രമാണ് കഴിഞ്ഞ 26 ന് മണലൂരില്‍ അരങ്ങേറിയത്.
അവിശ്വാസം നിറഞ്ഞ നോട്ടങ്ങള്‍ക്കും മുറുമുറുപ്പുകള്‍ക്കുമിടയില്‍ മരണമല്ലാതെ മറ്റൊരു വഴിയും ശ്യാംഭവി എന്ന മുപ്പതുകാരിയുടെ മുമ്പില്‍ ഇല്ലായിരുന്നു. വിശ്വാസത്തിന്റെ മറവില്‍ അരങ്ങേറിയ നരഹത്യ ആണിത്. ദൈവികത പ്രതീക്ഷിക്കുന്ന വേദിയില്‍ പൈശാചികത ഉറഞ്ഞു തുള്ളിയ സമയം. എല്ലാ ബധിരകര്‍ണങ്ങളിലേക്കും ‘ഞാന്‍ തെറ്റു ചെയ്തിട്ടില്ല’ എന്ന് കേള്‍പ്പിക്കാന്‍ ആ വീട്ടമ്മയുടെ മരണം തന്നെ വേണ്ടി വന്നു. ഏതു കാലത്താണ്, ഏതു നാട്ടിലാണ് നമ്മളൊക്കെ ജീവിക്കുന്നത്?
പൊലീസ് പിടികൂടിയ കോമരത്തെയും പിണിയാളുകളെയും രക്ഷിക്കാന്‍ വിശ്വാസ സംരക്ഷകരും ആചാരവാദികളും രംഗത്തിറങ്ങി എന്ന വാര്‍ത്തക്കായി കാതോര്‍ത്തിരിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here