കുട്ടനാട് സീറ്റ്; ബിജെപിയിലും കരുനീക്കങ്ങൾ സജീവം

കുട്ടനാട് മുൻ നിർത്തിയുള്ള ബിഡിജെഎസിലെ രാഷ്ട്രീയ തർക്കങ്ങളിൽ രഹസ്യ കരുനീക്കങ്ങളുമായി ബിജെപി സംസ്ഥാന നേതൃത്വം. തുഷാർ വിഭാഗത്തെ പരസ്യമായി പിന്തുണച്ച് ബിജെപി ഔദ്യോഗിക വിഭാഗം രംഗത്തെത്തിയതിന് പിന്നാലെ, സുഭാഷ് വാസു വിഭാഗത്തിന് രഹസ്യ പിന്തുണ നൽകി ബിജെപിയിലെ മറുവിഭാഗവും സജീവമാണ്. ടി പി സെൻകുമാറിനെ കുട്ടനാട് സ്ഥാനാർത്ഥിയായി നിർദേശിക്കാനുള്ള നീക്കത്തിന് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയുണ്ടെന്ന് സുഭാഷ് വാസു തന്നെ പറഞ്ഞത് എൻഡിഎയിലെ പടലപിണക്കങ്ങൾ വ്യക്തമാക്കുന്നു.

Read Also: കുട്ടനാട് സീറ്റില്‍ ബിഡിജെഎസ് തന്നെ മത്സരിക്കും: തുഷാര്‍ വെള്ളാപ്പള്ളി

വി മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമടങ്ങുന്ന ഔദ്യോഗിക വിഭാഗം ഇത്തരത്തിൽ തുഷാർ വിഭാഗത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ട് ദിവസങ്ങൾ കുറച്ചായി. എങ്കിലും ബിഡിജെഎസിന് അനുവദിച്ച സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം ഇപ്പോഴും സുഭാഷ് വാസുവിന്റെ കൈയിൽ ഭദ്രമായി തുടരുന്നത് കാര്യങ്ങളുടെ കിടപ്പ് വ്യക്തമാക്കുന്നതാണ്. ഒപ്പം കഴിഞ്ഞ ദിവസം സെൻ കുമാറിനെ സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചതിൽ ഒരു വിഭാഗത്തിന്റെ പിന്തുണയുണ്ടെന്ന് സുഭാഷ് വാസു തന്നെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം പ്രഖ്യാപനം നടന്നെങ്കിലും കുട്ടനാട്ടിൽ ഇത്തവണ ടി പി സെൻകുമാറോ സുഭാഷ് വാസുവോ? രണ്ടിൽ ആര് കുട്ടനാട്ടിൽ സ്ഥാനാർത്ഥിയാകുമെന്നതാണ് കാത്തിരുന്ന് കാണേണ്ടത്. മുന്നണി എന്ന രീതിയിൽ ബിജെപിക്കും തലവേദന സൃഷ്ടിക്കുന്നതാകും കുട്ടനാട് തെരഞ്ഞെടുപ്പ് എന്ന കാര്യത്തിൽ സംശയമില്ല. മുപ്പത്തിമൂവായിരത്തിൽ പരം വോട്ടുകളാണ് കുട്ടനാട്ടിൽ എൻഡിഎ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിഡിജെഎസിലൂടെ നേടിയത് . മുന്നണിക്ക് നേതൃത്വം നൽകുന്ന പാർട്ടിയുടെ പുതിയ അധ്യക്ഷൻ എന്ന രീതിയിൽ കെ സുരേന്ദ്രനും എൻഡിഎ കുട്ടനാട്ടിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുക എന്നത് പരമപ്രധാനമാണ് . എന്നാൽ ഭിന്നിച്ചു നിൽക്കുന്ന ബിഡിജെഎസിനെ മുതലാക്കി ഔദ്യോഗിക പക്ഷത്തിന് തിരിച്ചടി നൽകാമെന്ന കണക്ക് കൂട്ടലിലാണ് മറുപക്ഷം. അതേസമയം സുഭാഷ് വാസു തന്നെയോ ടിപി സെൻകുമാറോ രംഗത്തെത്തിയാൽ ബിഡിജെഎസ് വോട്ടുകൾ ഭിന്നിച്ചു പോകുമെന്ന കാര്യത്തിൽ തർക്കമില്ല. അതേസമയം പാർട്ടിയിലെ ഭിന്നത തുടരുന്നതിനിടെ ബിഡിജെഎസ് കുട്ടനാട് സീറ്റ് ബിജെപിക്ക് നൽകാനുള്ള സാധ്യതയും ഉരുതിരിയുന്നുണ്ട്.

 

kuttanad by election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top