‘സച്ചിൻ ലാറ തുടങ്ങിയവരൊക്കെ പ്രതിസന്ധി നേരിട്ടിട്ടുണ്ട്, കോലിയെ വെറുതെ വിടൂ’; ഇന്ത്യൻ നായകന് പിന്തുണയുമായി വീരേന്ദർ സെവാഗ്

ന്യൂസീലൻഡ് പര്യടനത്തിൽ മോശം പ്രകടനം നടത്തിയ ഇന്ത്യൻ നായകൻ വിരാട് കോലിക്ക് പിന്തുണയുമായി മുൻ താരം വീരേന്ദർ സെവാഗ്. സച്ചിനും ലാറയും ഉൾപ്പെട്ട ഇതിഹാസ താരങ്ങൾ പോലും ഇത്തരം അവസ്ഥകളിലൂടെ കടന്നു പോയിട്ടുണ്ടെന്നും പ്രകടനം മെച്ചപ്പെടുത്തി കോലി തിരികെ വരുമെന്നും സെവാഗ് പറഞ്ഞു. സ്പോർട്സ് സ്റ്റാറിനു നൽകിയ അഭിമുഖത്തിലാണ് സെവാഗ് മനസു തുറന്നത്.

“അദ്ദേഹം ഫോം ഔട്ടാണ്. ഹാൻഡ്-ഐ കോർഡിനേഷനു പ്രശ്നമില്ല. കോലി മാത്രമല്ല സച്ചിന്‍ തെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ, സ്റ്റീവ് സ്മിത്ത് എന്നിവരെല്ലാം ഇത്തരം മോശം സമയത്തിലൂടെ കടന്നുപോയിട്ടുണ്ട്. എനിക്കും ഇതുപോലെ മോശം സമയമുണ്ടായിട്ടുണ്ട്. സ്വതസിദ്ധമായ ശൈലിക്കു മാറ്റം വരുത്താതെ തന്നെ അതിനെ അതിജീവിക്കാന്‍ എനിക്കു കഴിഞ്ഞിരുന്നു”.- സെവാഗ് വ്യക്തമാക്കി.

ഇതുപോലെ മോശം അവസ്ഥകള്‍ വരുമ്പോള്‍ ക്ഷമ കാണിക്കണം. സ്വന്തം കഴിവില്‍ ഉറച്ചു വിശ്വസിക്കുകയും വേണം. കോലി പഴയ ഫോമിലേക്കു മടങ്ങി വരുമെന്ന് ഉറപ്പുണ്ട്. ഇപ്പോഴത്തെ മോശം ഫോമിനെ അതിജീവിക്കാന്‍ കോലിക്കു അനായാസം കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുന്നു എന്നും സെവാഗ് പറഞ്ഞു.

കോലിയുടെ കരിയറിലെ തന്നെ ഏറ്റവും മോശം പരമ്പരയായിരുന്നു ന്യൂസീലൻഡിനെതിരെ നടന്നത്. 11 മത്സരങ്ങളിൽ നിന്നായി കോലിക്ക് ആകെ നേടാനായത് വെറും 218 റണ്‍സാണ്. ഇതില്‍ ഒരേയൊരു അർധസെഞ്ചുറി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതേതുടർന്ന് ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനവും കോലിക്ക് നഷ്ടമായിരുന്നു.

Story Highlights: Sehwag supports kohli

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top