വനിതാ ടി-20 ലോകകപ്പ്: മഴ കളിച്ചു; ഇന്ത്യ ഫൈനലിൽ

വനിതാ ടി-20 ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. മഴയെത്തുടർന്ന് ഇംഗ്ലണ്ടിനെതിരെ നടക്കേണ്ടിയിരുന്ന മത്സരം ഉപേക്ഷിച്ചതോടെയാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തതാണ് ഇന്ത്യക്ക് ഗുണമായത്, ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ രണ്ടാം സെമിയിലെ വിജയികളുമായി ഇന്ത്യ കലാശപ്പോരിൽ ഏറ്റുമുട്ടും. മാർച്ച് 8 വനിതാ ദിനത്തിലാണ് ഫൈനൽ.
രാവിലെ മുതൽ ശക്തമായ മഴയാണ് സിഡ്നിയിൽ പെയ്തുകൊണ്ടിരുന്നത്. മഴ പെയ്താലും ചുരുങ്ങിയത് 10 ഓവറുകൾ വീതമുള്ള മത്സരം നടത്തണമെന്നാണ് ഐസിസിയുടെ പുതിയ നിയമം. അതുകൊണ്ട് തന്നെ എത്രയും വേഗം മഴ മാറിയാൽ മാത്രമേ മത്സരം നടക്കൂ എന്ന നിലയുണ്ടായിരുന്നു. മൂടിക്കെട്ടിയ അന്തരീക്ഷവും ശക്തമായ മഴയും ഈ സാധ്യതക്ക് മങ്ങൽ ഏല്പിച്ചിരുന്നു. ഇന്ത്യൻ സമയം 11. 10 ആയിരുന്നു കട്ടോഫ് ടൈം. എന്നാൽ മഴ നിലക്കാതെ വന്നതോടെ കളി നടക്കില്ലെന്ന് ഉറപ്പായി. തുടർന്ന് മത്സരം ഉപേക്ഷിക്കാൻ ഇരു ക്യാപ്റ്റന്മാരും തീരുമാനിക്കുകയായിരുന്നു. മഴ തുടർന്നാൽ ഓസ്ട്രേലിയയെ മറികടന്ന് ദക്ഷിണാഫ്രിക്കയും ഫൈനലിൽ പ്രവേശിക്കും. ഗ്രൂപ്പ് ബിയിൽ ഒന്നാമതായാണ് ദക്ഷിണാഫ്രിക്ക ഫിനിഷ് ചെയ്തത്.
ഇത് ഇന്ത്യയുടെ ആദ്യ ടി-20 ലോകകപ്പ് ഫൈനൽ പ്രവേശനമാണ്. കഴിഞ്ഞ ലോകകപ്പ് സെമിയിലെത്തിയെങ്കിലും ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 112 റൺസ് മാത്രമാണ് സ്കോർ ചെയ്യാനായത്. മറുപടിയായി 17.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് വിജയിച്ചു.
Story Highlights: Womens t-20 world cup india enters finals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here