കത്തിക്കൊണ്ടിരിക്കുന്ന അഗ്‌നിപർവതത്തിന് മുകളിലൂടെ നടന്ന് നിക്ക് വലെൻഡ

കത്തിക്കൊണ്ടിരിക്കുന്ന അഗ്‌നിപർവതത്തിന് മുകളിലെ നൂൽപാലത്തിലൂടെ ഒരാൾ നടക്കുന്നത് നമുക്ക് സങ്കല്പിക്കാനാവുമോ? നിക്കരാഗ്വയിലെ മസാന അഗ്‌നിപർവതത്തിന് മുകളിലൂടെ അത്തരമൊരു സാഹസിക അഭ്യാസം നടത്തിയിരിക്കുകയാണ് നിക്ക് വലെൻഡ എന്ന അമേരിക്കക്കാരൻ.

താഴെ തിളച്ചുമറിയുന്ന അഗ്‌നിപർവതം. അതിനും 1800 അടി മുകളിൽ അഗ്‌നിപർവതത്തിന് കുറുകെ ഒരു നൂൽപ്പാലം. ഈ നൂൽപ്പാലത്തിലൂടെയാണ് നിക്ക് വലെൻഡ നടന്നുനീങ്ങിയത്. നടത്തത്തിനിടെ ആഞ്ഞുവീശുന്ന കാറ്റിനോട് നിക്ക് ആവുംവിധം പൊരുതുന്നത് നമ്മുക്ക് കാണാം. ഗ്യാസ് മാസ്‌കും പ്രത്യേകതരം കണ്ണടയും ധരിച്ചിരുന്ന നിക്ക് വലെൻഡ 31 മിനിറ്റും 23 സെക്കന്റും കൊണ്ടാണ് ദൗത്യം പൂർത്തിയാക്കിയത്.

ഭാര്യ എറൻഡ്രിയയും ഈ സാഹസത്തിൽ നിക്ക് വലെൻഡയോടൊപ്പം പങ്കെടുത്തു. പങ്കെടുത്തെന്ന് മാത്രമല്ല നിക്കിനേക്കാൾ സാഹസിക അഭ്യാസത്തിൽ ഏർപ്പെട്ടത് എറൻഡ്രിയയായിരുന്നു.

ഇതാദ്യമായല്ല നിക്ക് വലെൻഡ ഇത്തരം ഞാണിന്മേൽ കളികളിൽ ഏർപ്പെടുന്നത്. നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളിലൂടെ നൂൽപ്പാലം കെട്ടി അതിലൂടെ നടന്ന ആദ്യത്തെയാളാണ് നിക്ക് എന്നുകൂടി അറിയുക. നൂൽപ്പാലത്തിലൂടെ നടക്കുന്നതിൽ വിദഗ്ധനായ നിക്ക് പതിനൊന്ന് ഗിന്നസ് ലോക റെക്കോഡുകളുടെ ഉടമയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top