വിപ്ലവ നക്ഷത്രം കെആർ ഗൗരിയമ്മയ്ക്ക് വനിതാ കമ്മീഷന്റെ ആദരം

കേരള രാഷ്ട്രീയത്തിന്റെ വിപ്ലവ നക്ഷത്രം കെആർ ഗൗരിയമ്മയ്ക്ക് വനിതാ കമ്മീഷന്റെ ആദരം. അന്തർദേശീയ വനിതാ ദിനത്തിന്റെ സംസ്ഥാനതല ആഘോഷങ്ങളുടെ മുന്നോടിയായാണ് വനിത കമ്മീഷൻ ചെയർമാനും അംഗങ്ങളും ഗൗരിയമ്മയുടെ വസതിയിലെത്തി ആദരം അർപ്പിച്ചത്. ഗൗരിയമ്മയ്ക്ക് പകരംവയ്ക്കാൻ മറ്റൊളില്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ പറഞ്ഞു.

ഉറച്ച നിലപാടുകൾകൊണ്ട് കേരള രാഷ്ട്രീയത്തിന്റെ വനിതാ മുഖമായി മാറിയ കെആർ ഗൗരിയമ്മയെ വണങ്ങികൊണ്ടാണ്, സംസ്ഥാനത്തെ വനിതാദിനാഘോഷങ്ങൾക്ക് തുടക്കമായത്. ആലപ്പുഴ ചാത്തനാട്ടെ കെആർ ഗൗരിയമ്മയുടെ വസതിലായിരുന്നു ആദരിക്കൽ ചടങ്ങ്. വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനും സംഘവും ഗൗരിയമ്മയുമായി ആദ്യം കുശലാന്വേഷണം നടത്തി. പ്രായത്തിന്റെ അവശതകൾ ഏറെയുള്ള മുൻ മന്ത്രി സ്വതസിദ്ധമായ ഗൗരവത്തോടെ ഏതാനും വാക്കുകളിൽ മറുപടി നൽകി. ഷാൾ പുതപ്പിച്ച് പുരസ്‌കാരം നൽകി ചുരുങ്ങിയ സമയത്തിനുള്ളിൽ ആദരിക്കൽ ചടങ്ങ് പൂർത്തിയായി.

രാഷ്ട്രീയത്തിൽ വിട്ടുവീഴ്ചയില്ലാത്ത കർക്കശക്കാരിയായ കെആർ ഗൗരിയമ്മയ്ക്ക് പുരസ്‌കാരം നൽകാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ചാണ് വനിതാ കമ്മീഷൻ അധ്യക്ഷയും പ്രതിനിധികളും മടങ്ങിയത്.

Story highlight: KR Gowriyamma,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top