ആറ്റുകാല്‍ പൊങ്കാല: തിരുവനന്തപുരം നഗരത്തിലെ ഗതാഗത ക്രമീകരണം ഇങ്ങനെ

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും. തിരുവനന്തപുരം നഗരാതിര്‍ത്തിക്കുള്ളില്‍ ഒരു കാരണവശാലും ടിപ്പര്‍, ലോറികള്‍, സിമന്റ് മിക്‌സര്‍, തടി ലോറികള്‍, കണ്ടെയ്‌നര്‍ ലോറികള്‍, ചരക്കു വാഹനങ്ങള്‍ തുടങ്ങിയവ പ്രവേശിക്കുന്നതിനോ നിരത്തുകളിലും സമീപത്തും പാര്‍ക്ക് ചെയ്യുന്നതിനോ അനുവദിക്കുന്നതല്ല.

എമര്‍ജന്‍സി റൂട്ട്

ആറ്റുകാല്‍ – പാടശേരി – ബണ്ട് റോഡ് – കിള്ളിപ്പാലം വരെയുള്ള റോഡിലും ആറ്റുകാല്‍ – ചിറമുക്ക് ഐരാണിമുട്ടം – കാലടി – മരുതൂര്‍ക്കടവ് – കരുമം – തിരുവല്ലം വരെയുള്ള റോഡും അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കേണ്ടിവരുമെന്നതിനാല്‍ ഗതാഗത തടസം ഉണ്ടാക്കുന്ന രീതിയില്‍ ഒരു കാരണവശാലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാനോ പൊങ്കാല ഇടുവാനോ പാടുള്ളതല്ല.

നോ പാര്‍ക്കിംഗ്

പൊങ്കാല ഇടാന്‍ ഭക്തജനങ്ങള്‍ വരുന്ന സ്വകാര്യ വാഹനങ്ങള്‍ ആറ്റുകാല്‍ ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രധാന റോഡുകളിലോ, എംസി/ എന്‍എച്ച്/ എംജി റോഡുകളിലും ഗതാഗത തടസം ഉണ്ടാക്കുന്ന രീതിയില്‍ ഒരു കാരണവശാലും പാര്‍ക്ക് ചെയ്യുവാന്‍ പാടില്ല. ഗതാഗത തടസം ഉണ്ടാക്കിയോ, സുരക്ഷാപ്രശ്‌നങ്ങള്‍ ഉണ്ടാക്കിയോ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ ഒരു മുന്നറിയിപ്പും കൂടാതെ നീക്കം ചെയ്ത് നിയമ നടപടികള്‍ സ്വീകരിക്കും.

നഗരത്തിലെ ടൈല്‍ പാകിയ ഫുട്പാത്തുകളിലും പ്രധാന ജംഗ്ഷനുകളിലും വീതികുറഞ്ഞ റോഡുകളിലും റോഡുപണി നടക്കുന്ന സ്ഥലങ്ങളിലും ഒരു കാരണവശാലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ പാടില്ല. തീപിടുത്തം ഒഴിവാക്കുന്നതിനായി പൊങ്കാല അടുപ്പുകള്‍ക്ക് സമീപം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

വാഹന പാര്‍ക്കിംഗ്

സ്വകാര്യ വാഹനങ്ങള്‍ പാപ്പനംകോട് എന്‍ജിനിയറിംഗ് കോളജ്, നീറമണ്‍കര എന്‍എസ്എസ് കോളജ്, എംഎംആര്‍ എച്ച്എസ് നീറമണ്‍കര, ശിവാ തിയറ്റര്‍ റോഡ് (ഒരുവശം മാത്രം പാര്‍ക്കിംഗ്), കല്‍പാളയം മുതല്‍ നീറമണ്‍കര പെട്രോള്‍ പമ്പ് വരെ (ഒരുവശം മാത്രം പാര്‍ക്കിംഗ്), കോവളം ബൈപാസിന് ഇരുവശവുമുള്ള സൈഡ് റോഡുകള്‍ (ഒരുവശം മാത്രം പാര്‍ക്കിംഗ്), വേള്‍ഡ് മാര്‍ക്കറ്റ്, ശംഖുംമുഖം പാര്‍ക്കിംഗ് ഗ്രൗണ്ട്, പൂജപ്പുര മൈതാനം, തൈക്കാട് പൊലീസ് ഗ്രൗണ്ട്, സംസ്‌കൃത കോളജ് കൂടാതെ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ഗ്രൗണ്ടുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മാര്‍ഗ തടസം കൂടാതെ അവരവര്‍ക്ക് പോകേണ്ട ദിശകള്‍ അനുസരിച്ച് സൗകര്യപൂര്‍വം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം.

പൊങ്കാല ഇടുന്ന സമയം അതുവഴി കടന്നു പോകുന്ന വാഹനങ്ങള്‍ പൊങ്കാല ഇടുന്നവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയില്‍ വേഗം കുറച്ച് പോകേണ്ടതാണ്. എല്ലാ വാഹനങ്ങളിലും ഡ്രൈവറോ, സഹായിയോ ഉണ്ടായിരിക്കേണ്ടതാണ്. വാഹനങ്ങള്‍ പൂട്ടിയിട്ട് പോകുന്ന അവസരങ്ങളില്‍ ഉത്തരവാദപ്പെട്ടയാളുടെ ഫോണ്‍ നമ്പര്‍ വ്യക്തമായി കാണുന്ന രീതിയില്‍ വാഹനങ്ങളില്‍ എഴുതി പ്രദര്‍ശിപ്പിച്ചിരിക്കണം.

പൊങ്കാല കഴിഞ്ഞ് ഭക്തജനങ്ങള്‍ മടങ്ങിപ്പോകുന്ന രണ്ട് മുതല്‍ രാത്രി എട്ടുവരെ തിരുവനന്തപുരം നഗരത്തിലേയ്ക്ക് എല്ലാ ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഉണ്ടായിരിക്കും. ആറ്റിങ്ങല്‍ ഭാഗത്തുനിന്നും നെയ്യാറ്റിന്‍കര ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ മംഗലപുരത്ത് നിന്ന് പോത്തന്‍കോട്, കാട്ടായിക്കോണം, ശ്രീകാര്യം വഴി വന്ന് കേശവദാസപുരം – പട്ടം – പിഎംജി – മ്യൂസിയം – വെള്ളയമ്പലം – വഴുതക്കാട് – പൂജപ്പുര – കരമന – പ്രാവച്ചമ്പലം വഴി പോകേണ്ടതാണ്.

എംസി റോഡ് വഴി കിളിമാനൂര്‍ വെഞ്ഞാറമൂട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കേശവദാസപുരം – പട്ടം – കുറവന്‍കോണം – കവടിയാര്‍ – വെള്ളയമ്പലം – വഴുതക്കാട് – പൂജപ്പുര – കരമന വഴി പോകണം,.

പേരൂര്‍ക്കട ഭാഗത്തു നിന്ന് നെയ്യാറ്റിന്‍കര ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ ഊളന്‍പാറ – പൈപ്പിന്‍മൂട് – ശാസ്താമംഗലം – ഇടപ്പഴിഞ്ഞി – പൂജപ്പുര – കരമന വഴി പോകണം. പൊങ്കാല കഴിഞ്ഞ് തിരികെ പോകേണ്ട വാഹനങ്ങള്‍ കരമന – കൈമനം – പാപ്പനംകോട് വഴിയും നെയ്യാറ്റിന്‍കര ഭാഗത്തേയ്ക്ക് പോകാവുന്നതാണ്.

നെയ്യാറ്റിന്‍കര ഭാഗത്തുനിന്ന് ആറ്റിങ്ങല്‍ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ ബാലരാമപുരം ഭാഗത്തുനിന്ന് തിരിഞ്ഞ് ഉച്ചക്കട – മുക്കോല – വിഴിഞ്ഞം – കോവളം ബൈപാസ് വഴിയോ ബീച്ച് റോഡ് വഴിയോ പോകേണ്ടതാണ്.

പൊങ്കാല കഴിഞ്ഞ് ആറ്റിങ്ങല്‍, കൊല്ലം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ ബൈപാസ് റോഡിലൂടെ കഴക്കൂട്ടം വഴിയോ, പൂന്തുറ – വലിയതുറ – ശംഖുംമുഖം – വേളി – തുമ്പ – പുതുക്കുറിച്ചി – പെരുമാതുറ – പുതിയപാലം വഴി അഞ്ചുതെങ്ങ് വര്‍ക്കല കൊല്ലം ഭാഗത്തേയ്ക്ക് തിരക്ക് കുറഞ്ഞതും വീതിയേറിയതുമായ പാതവഴി പോകാവുന്നതുമാണ്.

ബാലരാമപുരം ജംഗ്ഷനില്‍ നിന്ന് പള്ളിച്ചല്‍ ഭാഗത്തേയ്ക്കും കഴക്കൂട്ടം, മുക്കോലയ്ക്കല്‍ നിന്ന് ചാക്ക ഭാഗത്തേയ്ക്കും, പാളയം ഭാഗത്തുനിന്ന് കിഴക്കേകോട്ട ഭാഗത്തേയ്ക്കും പൂജപ്പുര നിന്ന് ജഗതി, ബേക്കറി ഭാഗത്തേയ്ക്കും, കരമന ഭാഗത്തുനിന്ന് കിള്ളിപ്പാലം ഭാഗത്തേയ്ക്കും, കമലേശ്വരം ഭാഗത്തുനിന്ന് കിഴക്കേകോട്ട ഭാഗത്തേയ്ക്കും പൊങ്കാല കഴിഞ്ഞ് ഭക്തജനങ്ങള്‍ തിരിച്ച് പോകുന്ന സമയത്ത് എതിരെ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ അനുവദിക്കുന്നതല്ല.

ചരക്ക് വാഹനങ്ങളിലും, മറ്റു വാഹനങ്ങളിലും ആളുകളെ കുത്തിനിറച്ചും അപകടമുണ്ടാക്കുന്ന രീതിയിലും ഭക്തജനങ്ങളെ കൊണ്ടുവരാന്‍ പാടുള്ളതല്ല. തിരുവനന്തപുരം സിറ്റി പൊലീസിന്റെ മേല്‍പറഞ്ഞ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കേണ്ടതാണെന്ന് ഐജിപിയും സിറ്റി പൊലീസ് കമ്മീഷണറുമായ ബല്‍റാം കുമാര്‍ ഉപാധ്യായ അറിയിച്ചു. ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികള്‍ളും നിര്‍ദേശങ്ങളും 9497975000, 04712558731, 2558732 എന്നീ ഫോണ്‍ നമ്പരുകളില്‍ അറിയിക്കാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top