മുൻകരുതലുകൾ എടുക്കും, ഐപിഎൽ മാറ്റി വെക്കില്ല: സൗരവ് ഗാംഗുലി

കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ഐപിഎൽ മാറ്റി വെക്കില്ലെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് തോപേയുടെ അറിയിപ്പ് തള്ളിയാണ് ഐപിഎൽ മാറ്റിവെക്കില്ലെന്ന് ഗാംഗുലി വ്യക്തമാക്കിയത്. നിശ്ചയിച്ച പ്രകാരം തന്നെ ഐപിഎൽ നടക്കുമെന്നും ബിസിസിഐ വേണ്ട മുൻകരുതൽ എടുക്കുമെന്നും ഗാംഗുലി കൂട്ടിച്ചേർത്തു.

ഐപിഎൽ മാറ്റി വെക്കണോ എന്നത് സംബന്ധിച്ച ചർച്ചകൾ നടക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് തോപേ പറഞ്ഞത്. ഒരു കൂട്ടം ആളുകള്‍ ഈ സമയത്ത് ഒരുമിച്ച് വരുന്നു എന്നത് അപകടകരമാണെന്നും ഐപിഎല്‍ പോലുള്ള ടൂര്‍ണമെന്റുകള്‍ നീട്ടിവെക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഗാംഗുലി ഇതൊക്കെ തള്ളി.

ഐപിഎല്ലുമായി ബന്ധപ്പെട്ട കളിക്കാരും കാണികളും അടങ്ങുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുമെന്ന് ബിസിസിഐ പറഞ്ഞു. കൊറോണയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നൽകിയ നിർദ്ദേശങ്ങൾ എല്ലാം പാലിക്കുമെന്നും ബിസിസിഐ അറിയിച്ചു.

മാർച്ച് 29നാണ് ഐപിഎൽ ആരംഭിക്കുക. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും റണ്ണേഴ്സ് അപ്പായ ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. മെയ് 24ന് ഫൈനൽ മത്സരം നടക്കും.

ഇത്തവണ ഒട്ടേറെ മാറ്റങ്ങളുമായാണ് ഐപിഎൽ എത്തുക. സമ്മാനത്തുകകളിൽ 50 ശതമാനത്തോളം കുറവുണ്ടായതാണ് ഏറെ ശ്രദ്ധേയം. ഇതോടൊപ്പം സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകൾ ഐപിഎൽ ഫ്രാഞ്ചസികൾ നൽകേണ്ട തുക വർധിപ്പിക്കുകയും ചെയ്തു. താര വായ്പയിൽ ഈ കൊല്ലം വിദേശ താരങ്ങളും ഉൾപ്പെടും. ഫ്രണ്ട് ഫൂട്ട് നോ ബോൾ വിളിക്കാനുള്ള ചുമതല തേർഡ് അമ്പയറിനു നൽകിയതാണ് മറ്റൊരു മാറ്റം.

Story Highlights: IPL 2020 will not be postponed, confirms Sourav Ganguly

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top