Advertisement

ആരോഗ്യ പ്രവർത്തകരെ മോശമായി ചിത്രീകരിച്ചു; ഡോ. ഷിനു ശ്യാമളനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് തൃശ്ശൂര്‍ ഡിഎംഒ ഓഫീസ്

March 10, 2020
Google News 2 minutes Read

കൊവിഡ് 19 ബാധയുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ച ഡോ ഷിനു ശ്യാമളനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തൃശ്ശൂര്‍ ഡിഎംഒ ഓഫീസ്. ആരോഗ്യപ്രവർത്തകരെ ഡോ. ഷിനു മോശമായി ചിത്രീകരിച്ചെന്നും ഇത് പബ്ലിസിറ്റിക്ക് വേണ്ടി ചെയ്യുന്നതാണെന്നും ഡിഎംഒ ഓഫീസ് വൃത്തങ്ങള്‍ പറഞ്ഞു. ഷിനു ഫേസ്ബുക്ക് പോസ്റ്റിൽ സൂചിപ്പിച്ച രോഗി നേരത്തെ തന്നെ നിരീക്ഷണത്തിലുള്ള ആളായിരുന്നെന്നാണ് ഡിഎംഒ ഓഫീസ് പറയുന്നത്.

ഖത്തറിൽ നിന്ന് നാട്ടിലെത്തിയ വ്യക്തി കൊവിഡ് 19 രോഗലക്ഷണങ്ങളോടെ ആശുപത്രിയിലെത്തിയെന്നും വിവരം പൊലീസിനെയും ആരോഗ്യവകുപ്പിനെയും അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നും ഷിനു ആരോപിച്ചിരുന്നു. ഇയാൾ അടുത്ത ദിവസം തന്നെ ഖത്തറിലേക്ക് മടങ്ങിപ്പോയെന്നും അത് ആരോഗ്യ വകുപ്പിൻ്റെ പിടിപ്പുകേടാണെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു.

തുടർന്ന് ഷിനു ശ്യാമളനെ ആശുപത്രി അധികൃതര്‍ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. ഇതിനെതിരെ ഷിനു ശ്യാമളൻ പ്രതികരിച്ചിരുന്നു. ഷിനു തന്നെയാണ് തന്നെ ക്ലിനിക്കിൽ നിന്ന് പിരിച്ചുവിട്ടു എന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്. സ്വകാര്യ ക്ലിനിക്കിൽ വന്ന രോഗിയെ സംശയാസ്പദമായ രീതിയിൽ കണ്ടപ്പോൾ ആരോഗ്യവകുപ്പിലും പൊലീസിലും റിപ്പോർട്ട് ചെയ്തതിനും ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിനും, ടെലിവിഷനിൽ ഇതെ കുറിച്ച് പ്രതികരിച്ചതിനുമാണ് തന്നെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതെന്ന് ഷിനു കുറിച്ചു.

താൻ ചെയ്തത് തെറ്റാണെന്ന് ഇപ്പോഴും തോന്നുന്നില്ലെന്ന് ഷിനു ട്വന്റിഫോർ ന്യൂസ് ഡോട്ട് കോമിനോട് പ്രതികരിച്ചിരുന്നു. താൻ എന്ത് തെറ്റാണ് ചെയ്തതെന്നും തന്റെ ജോലിയും ജീവിതവുമാണ് ഇല്ലാതായതെന്നും ഷിനു പറഞ്ഞു. ഇതിനെതിരെയാണ് തൃശ്ശൂര്‍ ഡിഎംഒ ഓഫീസ് രംഗത്തെത്തിയത്.

Story Highlights: Health department to take legal action against Shinu Shyamalan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here