പാലാരിവട്ടം അഴിമതി; തന്നെ പ്രതി ചേർത്തത് മനഃപൂർവമെന്ന് വി കെ ഇബ്രാഹിംകുഞ്ഞ്

പാലാരിവട്ടം അഴിമതിക്കേസിൽ തന്നെ മനഃപൂർവം പ്രതിചേർത്തതാണെന്ന് മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്. കേസിന്റെ ന്യായാന്യായങ്ങൾ തീരുമാനിക്കേണ്ടത് കോടതിയാണ്. കോടതി നടപടികളോടും അന്വേഷണത്തോടും സഹകരിക്കും. മുൻകൂർ ജാമ്യം തേടില്ലെന്നും വി കെ ഇബ്രാഹിംകുഞ്ഞ് കൊച്ചിയിൽ പറഞ്ഞു.

സിപിഐഎം നേതാക്കളുടെ നിരന്തരമുള്ള ആവശ്യപ്രകാരമാണ് തന്നെ പ്രതിചേർത്തത്. തനിക്ക് അഴിമതിയിൽ പങ്കില്ല. കളമശേരി സീറ്റിലാണ് സിപിഐഎമ്മിന്റെ നോട്ടം. ഒരിക്കലും തെരഞ്ഞെടുപ്പിൽ ജയിക്കാത്ത ആളുകളും സീറ്റ് കിട്ടാത്ത ആളുകളും നടത്തുന്ന ഗൂഢാലോചനയാണിത്. ഈ സ്ഥിതിവിശേഷം ആരോഗ്യകരമായ രാഷ്ട്രീയ സംവിധാനത്തിനും ജനാധിപത്യ ഭരണക്രമത്തിനും യോജിച്ചതല്ലെന്നും വി കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

ഏതെങ്കിലും പാർട്ടി ചൂണ്ടിക്കാണിച്ചുകൊടുക്കുന്നയാളെ പ്രതി ചേർക്കുന്നത് ദൗർഭാഗ്യകരമായ സ്ഥിതിവിശേഷമാണ്. മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയുമെല്ലാം നീതിയുക്തമായ നിലപാടാണെടുത്തതെന്നും ഇബ്രാഹിംകുഞ്ഞ് കുറ്റപ്പെടുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top