ഷുഹൈബ് വധക്കേസ്; വിചാരണയ്ക്ക് ഹൈക്കോടതി സ്റ്റേ

മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന ഷുഹൈബ് കൊല്ലപ്പെട്ട കേസിന്റെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. സിബിഐ അന്വേഷണം വേണമെന്ന അപ്പീൽ സുപ്രിംകോടതി പരിഗണിക്കുന്നതിനാൽ വിചാരണ നിർത്തി വയ്ക്കണമെന്ന് ഷുഹൈബിന്റെ മാതാപിതാക്കൾ ഹർജി നൽകിയിരുന്നു. ഈ ഹർജി അംഗീകരിച്ചാണ് ഹൈക്കോടതി നടപടി. ഷുഹൈബ് വധക്കേസ് സിബിഐക്ക് വിടണമെന്ന മാതാപിതാക്കളുടെ ഹർജിയാണ് സുപ്രിംകോടതിയിലുള്ളത്. നിലപാട് അറിയിക്കാൻ കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിരുന്നു.
Read Also: ഷുഹൈബ് വധം: കേസ് സിബിഐക്ക് വിടണമെന്ന മാതാപിതാക്കളുടെ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
സർക്കാരിന്റെ മറുപടിക്ക് ശേഷം മാതാപിതാക്കളുടെ ആവശ്യങ്ങളിൽ തീരുമാനമെടുക്കാമെന്നാണ് കോടതി നിലപാട്. കണ്ണൂർ മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബിനെ 2018 ഫെബ്രുവരിയിലാണ് കൊലപ്പെടുത്തിയത്. കേസിൽ സമഗ്ര അന്വേഷണമുണ്ടായില്ലെന്നും ഒന്നാം പ്രതി ആകാശ് തില്ലങ്കേരിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐഎം മുൻ ജില്ലാ സെക്രട്ടറി പി ജയരാജൻ എന്നിവരുമായുള്ള അടുത്ത ബന്ധം കേരള പൊലീസ് അന്വേഷിച്ചില്ലെന്നും ആരോപിച്ചാണ് ഷുഹൈബിന്റെ മാതാപിതാക്കൾ സുപ്രിംകോടതിയെ സമീപിച്ചത്. അന്വേഷണം സിബിഐയ്ക്ക് വിടണമെന്നും ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും മാതാപിതാക്കൾ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
shuhaib murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here