അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; ജോ ബൈഡന് സാധ്യതയേറി

അമേരിക്കയില്‍ ജോ ബൈഡന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവന്‍ സാധ്യതയേറി. എതിരാളി ബേണി സാന്‍ഡേഴ്‌സിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് മിഷിഗണ്‍ പ്രൈമറിയില്‍ ബൈഡന്‍ ജയമുറപ്പിച്ചു. ഇന്നലെ നടന്ന മിസിസ്സിപ്പി, മിസൗറി പ്രൈമറികളിലും ജോ ബൈഡന്‍ ജയിച്ചിരുന്നു.

മിഷിഗണിലെ വെളുത്ത വര്‍ഗക്കാര്‍ക്കിടയിലും ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്കിടയിലും ഒരുപോലെ സ്വീകാര്യത നേടാന്‍ കഴിഞ്ഞതാണ് ജോ ബൈഡന് നേട്ടമായത്. നവംബറില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിനെതിരെ വലിയ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് ഡെമോക്രാറ്റുകള്‍ പ്രതീക്ഷിക്കുന്ന മിഷിഗണില്‍ ആ പ്രതീക്ഷ നിലനിര്‍ത്തുന്ന പ്രകടനമാണ് ജോ ബൈഡന്റേത്. 125 ഡെലിഗേറ്റുകളാണ് മിഷിഗണിലുള്ളത്. ഇതൊരു വന്‍തിരിച്ചുവരവാണെന്നും ഈ രാജ്യത്തിന്റെ ആത്മാവിന് വേണ്ടിയുള്ള തിരിച്ചുവരവാണിതെന്നും ബൈഡന്‍ പറഞ്ഞു. ബേണി സാന്‍ഡേഴ്‌സും താനും ഒരേ ലക്ഷ്യത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും തങ്ങള്‍ ഒന്നിച്ചുനിന്ന് ഡോണള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനുള്ള മത്സരത്തിന്റെ തുടക്കത്തില്‍ ബേണി സാന്‍ഡേഴ്‌സാണ് മുന്നേറിയിരുന്നതെങ്കിലും പിന്നീട് അലബാമ, അര്‍കന്‍സ, മാസച്യുസിറ്റ്‌സ്, മിനസോട്ട, നോര്‍ത്ത് കാരലൈന, ഓക്ലഹോമ, ടെനിസി, ടെക്‌സസ്, വെര്‍ജീനിയ എന്നീ സംസ്ഥാനങ്ങളില്‍ ജയിച്ച് ജോ ബൈഡന്‍ വന്‍മുന്നേറ്റം നടത്തുകയായിരുന്നു. ഇതിനിടെ മത്സരരംഗത്തുനിന്ന് പിന്‍മാറിയ ആമി ക്ലൊബുച്ചര്‍, പീറ്റ് ബുട്ടിജീജ്, മൈക്കല്‍ ബ്ലൂംബര്‍ഗ് എന്നിവരുടെ പിന്തുണ ലഭിച്ചതും ബൈഡന് നേട്ടമായി.

 

Story Highlights- US presidential election, Joe Biden had a chance

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top