കൊവിഡ് 19: അവശേഷിക്കുന്ന റോഡ് സേഫ്റ്റി വേൾഡ് സീരീസ് മത്സരങ്ങൾ അടച്ച സ്റ്റേഡിയത്തിൽ നടത്തും

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ അവശേഷിക്കുന്ന റോഡ് സേഫ്റ്റി വേൾഡ് സീരീസ് മത്സരങ്ങൾ അടച്ച സ്റ്റേഡിയത്തിൽ നടത്താൻ സംഘാടകർ തീരുമാനിച്ചു. പൂനെയിൽ നടത്താൻ തീരുമാനിച്ചിരുന്ന മത്സരങ്ങളെല്ലാം നേവി മുംബൈ ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിലേക്ക് മാറ്റാനും തീരുമാനമായി.

“രാജ്യത്ത് സന്നിതിതമായിരിക്കുന്ന ആരോഗ്യ അടിയന്തിരാവസ്ഥയുടെ പശ്ചാത്തലത്തിൽ അവശേഷിക്കുന്ന റോഡ് സേഫ്റ്റി വേൾഡ് സീരീസ് മത്സരങ്ങൾ അടച്ച സ്റ്റേഡിയത്തിൽ നടത്താൻ സംഘാടകർ തീരുമാനിച്ചിരിക്കുന്നു. മാർച്ച് 13 മുതൽ ദക്ഷിണാഫ്രിക്ക ലെജൻഡ്സ് ശ്രീലങ്ക ലെജൻഡിനെ നേരിട്ടു കൊണ്ട് പുതിയ മത്സരക്രമം ആരംഭിക്കും.”- സംഘാടകർ പറഞ്ഞു.

ഇനിയുള്ള മത്സരങ്ങൾ ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിൽ മാത്രമാവും നടത്തുക. ഫൈനലും ഇവിടെത്തന്നെ നടത്തും. ഇനി 7 മത്സരങ്ങളാണ് സീരീസിൽ അവശേഷിക്കുന്നത്. ഈ മാസം 22നാണ് ഫൈനൽ.

കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ സ്പെയിനിലെ ലാ ലിഗ മത്സരങ്ങൾ രണ്ടാഴ്ചക്കാലത്തേക്ക് മാറ്റിവച്ചേക്കുമെന്ന് റിപ്പോർട്ട് വന്നിരുന്നു. നേരത്തെ അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്താമെന്ന് തീരുമാനിച്ചിരുന്നു എങ്കിലും രാജ്യത്ത് സ്ഥിതിഗതികൾ വഷളാവുന്നതോടെ ലീഗ് മാറ്റി വെക്കാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് വിവരം.

കൊറോണ ബാധയെ തുടർന്ന് ഇറ്റലിയിലെ എല്ലാ കായിക മത്സരങ്ങളും ഒരു മാസത്തേക്ക് നിർത്തി വെക്കാൻ ഇറ്റാലിയൻ ഭരണകൂടം തീരുമാനിച്ചിരുന്നു. അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താം എന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, പിന്നീട് മത്സരങ്ങൾ മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു. ഏപ്രിൽ മൂന്നിനകം സ്ഥിതിഗതികൾ നിയന്ത്രണവിധേയമായില്ലെങ്കിൽ ലീഗ് റദ്ദാക്കുന്നതും പരിഗണനയിലുണ്ട്.

നേരത്തെ, ഏഷ്യൻ ടീമുകളുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ മാറ്റി വെക്കാൻ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ തീരുമാനിച്ചിരുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളുടെ യോഗ്യതാ മത്സരങ്ങളാണ് മാറ്റിവച്ചത്. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് അതാത് ഫുട്ബോൾ ഫെഡറേഷനുകൾക്ക് ലഭിച്ചിട്ടുണ്ട്.

Story Highlights: Road Safety World Series to Be Played Behind Closed Doors Due to Coronavirus Outbreak

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top