കൊവിഡ് 19 മൊബൈല്‍ ഫോണിലൂടെ പകരാന്‍ സാധ്യതയുണ്ടോ..? കുറിപ്പ്

കൊവിഡ് 19 പകര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രോഗത്തെ ചെറുക്കുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുകയാണ് എല്ലാവരും. രോഗം പകരുന്നതിനുള്ള സാഹചര്യങ്ങളും അവയെ എങ്ങനെ തടയാമെന്നുമെല്ലാം ആരോഗ്യ വകുപ്പ് നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.

ഇതിനിടെ പലരുടെയും സംശയമാണ് കൊറോണ വൈറസ് മൊബൈല്‍ സ്‌ക്രീനിലും മറ്റും പറ്റിപ്പിടിച്ച് പകരുവാനുള്ള സാധ്യതകള്‍ ഇല്ലേ എന്നത്. ഇതിനെക്കുറിച്ച് സുജിത് കുമാര്‍ എന്നയാള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്ന കുറിപ്പ് ഇങ്ങനെയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നമ്മുടെ മൊബൈല്‍ ഫോണ്‍ സ്‌ക്രീനില്‍ ടോയ്ലറ്റിലേതിനേക്കാള്‍ കൂടുതല്‍ രോഗാണുക്കള്‍ ഉണ്ടെന്നൊക്കെയുള്ള വാര്‍ത്തകള്‍ കണ്ടിട്ടുണ്ടാകും. ഇപ്പോള്‍ കൊറോണ വൈറസും ഇതുപോലെ മൊബൈല്‍ സ്‌ക്രീനിലും മറ്റും പറ്റിപ്പിടിച്ച് പകരുവാനുള്ള സാധ്യതകള്‍ ഇല്ലേ എന്ന സ്വാഭാവിക സംശയം ഉണ്ടാകാം. തീര്‍ച്ചയായും അതിനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ ആകില്ല. കാരണം നമ്മള്‍ പലയിടത്തും സ്പര്‍ശിച്ച കൈകള്‍ കൊണ്ട് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു.

കൈകള്‍ എത്ര വൃത്തിയായി കഴുകിയാലും ഹാന്‍ഡ് സാനിറ്റൈസറൊക്കെ ഇടയ്ക്കിടെ ഉപയോഗിച്ചാലും മൊബൈല്‍ ഫോണുകള്‍ അണുവിമുക്തമാക്കാത്തിടത്തോളം കാലം പൂര്‍ണമായ സുരക്ഷിതത്വം ലഭിക്കില്ലല്ലോ. കൊറോണയൊക്കെ വരുന്നതിനും മുന്‍പേ ഈ വിഷയങ്ങള്‍ ചര്‍ച്ചയായതും പല തരത്തിലുള്ള പ്രതിവിധികള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളതുമാണ്.

പുതിയ വിലകൂടിയ മൊബൈല്‍ ഫോണുകളുടെയൊക്കെ സ്‌ക്രീനുകളില്‍ ആന്റി ഗ്രീസ് കോട്ടീംഗ് ഒക്കെ കൊടുത്തിട്ടുള്ളതിനാല്‍ ശക്തമായ അണുനാശിനികളും മറ്റ് വൃത്തിയാക്കുന്ന രാസവസ്തുക്കളുമൊന്നും ഫോണുകളില്‍ ഉപയോഗിക്കാന്‍ കഴിയില്ല. എങ്കിലും പ്രമുഖ മൊബൈല്‍ നിര്‍മാതാക്കള്‍ ഈ സാഹചര്യത്തില്‍ അവരുടെ മൊബൈലുകള്‍ എങ്ങിനെ അണു വിമുക്തമാക്കാമെന്നതിനെക്കുറിച്ച് ചില നിര്‍ദ്ദേശങ്ങള്‍ ഒക്കെ തരുന്നുണ്ട്.

1. ആപ്പിള്‍ പറയുന്നത് അവരുടെ ഐഫോണില്‍ 70 ശതമാനം വീര്യമുള്ള ഐസോ പ്രൊപ്പൈല്‍ ആള്‍ക്കഹോളോ ക്ലോറോക്‌സ് കമ്പനി പുറത്തിറക്കുന്ന ക്ലീനിംഗ് വൈപ്‌സോ ഉപയോഗിക്കാം എന്നാണ്. അതും ഒട്ടും അമര്‍ത്താതെ വളരെ മൃദുവായി മാത്രം. (https://support.apple.com/en-in/HT207123)

2. ഗൂഗിള്‍ പിക്‌സല്‍ ഫോണുകളില്‍ സാധാരണ സോപ്പോ ക്ലീനിംഗ് വൈപ്‌സോ ഉപയോഗിക്കാമെന്ന് സൂചിപ്പിക്കുന്നു (https://support.google.com/pixelphone/answer/7533987?hl=en)

3. മറ്റ് പ്രധാന ബ്രാന്‍ഡുകളൊന്നും ഇക്കാര്യത്തില്‍ വ്യക്തമായ ഒരു ഗൈഡ്ലൈന്‍സ് ഇറക്കിയിട്ടില്ലാത്തതിനാല്‍ മേല്‍പറഞ്ഞതുപോലെയുള്ള ക്ലീനിംഗ് വൈപ്പുകളും 70 ശതമാനം വീര്യമുള്ള ഐസോ പ്രൊപ്പൈല്‍ ആള്‍ക്കഹോളും ഉപയോഗിക്കാവുന്നതാണ്.

4. ഏത് സാഹചര്യത്തിലും ക്ലീനിംഗ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതിനു ശേഷം നടത്തുക. ഫോണിന്റെ ബോഡിയിലേക്ക് ഒന്നും നേരിട്ട് സ്‌പ്രേ ചെയ്യാതിരിക്കുക.

5. വൃത്തിയാക്കാനായി മൈക്രോ ഫൈബര്‍ തുണി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. പോറലുകള്‍ വരാതിരിക്കാന്‍ അത് സഹായിക്കും.

6. സ്‌ക്രീന്‍ ഗാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഫോണ്‍ നിര്‍മാതാക്കളുടെ നിബന്ധനകള്‍ക്ക് അപ്പുറമായും മറ്റ് ലഭ്യമായ ക്ലീനിംഗ് വൈപ്പുകളും മറ്റും ഉപയോഗിക്കാവുന്നതാണ്.

7. ബാക് കവര്‍ ഉപയോഗിക്കുന്നതും അത് പ്രത്യേകമായി ഇടയ്ക്ക് നീക്കം ചെയ്ത് അണുവിമുക്തമാക്കുന്നതും കൂടുതല്‍ സൗകര്യപ്രദവുമാണ് ഫലപ്രദവുമാണ്.

8. ഇപ്പോള്‍ വളരെ ഏറെ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഒന്നാണ് അള്‍ട്രാ വയലറ്റ് രശ്മികള്‍ ഉപയോഗിച്ചുള്ള ഫോണ്‍ അണുവിമുക്തമാക്കല്‍. PhoneSoap പോലെയുള്ള ചില കമ്പനികള്‍ ഇവ പുറത്തിറങ്ങുന്നുണ്ട്. ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ ലഭ്യമാണ്. ചാര്‍ജിംഗ് സൗകര്യത്തോടെയുള്ള അള്‍ട്രാ വയലറ്റ് രശ്‌നികള്‍ പുറപ്പെടുവിക്കുന്ന പോര്‍ട്ടബിള്‍ കേസുകളില്‍ ഫോണുകള്‍ നിശ്ചിത സമയം വച്ചാല്‍ അവ അണുവിമുക്തമാക്കാവുന്നതാണ്. വില അല്‍പം കൂടുതല്‍ ആയതിനാല്‍ ഇവയ്ക്ക് കാര്യമായ പ്രചാരം ലഭിച്ചിരുന്നില്ല എങ്കിലും കൊറോണ വന്നതോടെ സ്ഥിതി മാറി.

Story Highlights: coronavirus, Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top