കൊവിഡ് 19 : കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരല്ലാത്തവർ എത്തുന്നതിന് നിയന്ത്രണം

സംസ്ഥാനത്ത് പടർന്നുപിടിക്കുന്ന കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ സന്ദർശകർക്ക് കർശന നിയന്ത്രണം. യാത്രക്കാർക്കും വഹാന ഡ്രൈവർക്കും മാത്രമായിരിക്കും വിമാനത്താവളത്തിലേക്ക് പ്രവേശിക്കാൻ അനുമതി.

യാത്രക്കാരെ സ്വീകരിക്കാനോ യാത്രയാക്കാനോ കൂടുതൽ പേർ വിമാനത്താവളത്തിനകത്തേക്ക് പ്രവേശിക്കരുതെന്ന് അധികൃതർ അറിയിച്ചു. സന്ദർശക ഗ്യാലറിയിൽ വിമാനത്താവള അതോറിറ്റിയും സിഐഎസ്എഫും നിയന്ത്രണം ഏർപ്പെടുത്തും. വിമാനത്താവളത്തിലേക്കുള്ള റോഡുകളിൽ മൂന്നിടങ്ങളിലായി പൊലീസ് സംഘവും നിരീക്ഷണം ശക്തമാക്കി ആവശ്യമായ നിർദേശങ്ങൾ നൽകും.

Read Alsoകേരളത്തിൽ മൂന്ന് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

യാത്രക്കാർ ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. രോഗബാധിത രാജ്യങ്ങളിൽ നിന്നുൾപ്പെടെ എത്തുന്ന യാത്രക്കാർ പരസ്പരം അകലം പാലിച്ച് സുരക്ഷ ഉറപ്പു വരുത്തണം. വൈറസ് ബാധിത പ്രദേശങ്ങളിൽനിന്നെത്തുന്ന രോഗലക്ഷണങ്ങളില്ലാത്തവർ യാത്രയ്ക്ക് പൊതുവാഹനങ്ങൾ ഉപയോഗിക്കരുത്. ടാക്‌സിയിലോ സ്വന്തം വാഹനങ്ങളിലോ യാത്ര ചെയ്യുന്നവർ വഴിയിലിറങ്ങി ഭക്ഷണം കഴിക്കുകയോ പൊതു ജനങ്ങളുമായോ പൊതു സ്ഥലങ്ങളുമായോ സമ്പർക്കത്തിലേർപ്പെടരുത്.

14 ദിവസം വീടുകളിൽ സ്വയം നിരീക്ഷണം ഉറപ്പാക്കുകയും ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിൽ ജില്ലാതല കൺട്രോൾ സെല്ലിൽ ബന്ധപ്പെടുകയും വേണം. വിമാനത്താവളത്തിൽ നിന്നു മടങ്ങുന്ന യാത്രക്കാരുടെ വിലാസവും ഫോൺ നമ്പറുമുൾപ്പെടെയുള്ള വിവരങ്ങൾ ടാക്‌സി ഡ്രൈവർമാരുടെ കൈവശം സൂക്ഷിക്കണം.

Story Highlights- coronavirus, Karipur Airport

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top