കൊവിഡ് 19 : സൗദിയിൽ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം നൂറ് കടന്നു

സൗദിയിൽ കൊവിഡ് 19 സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം നൂറ് കടന്നു. 17 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. സൗദിയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ നാളെ അവസാനിക്കും.

17 പേർക്കാണ് സൗദിയിൽ പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 103 ആയി. റിയാദിൽ 12-ഉം, അൽ ഹസയിൽ ഒന്നും, ഖതീഫിൽ മൂന്നും, ജിദ്ദയിൽ ഒന്നും കേസുകളാണ് പുതുതായി സ്ഥിരീകരിച്ചത്. ഒരു അമേരിക്കക്കാരനും ഒരു ഫ്രഞ്ച് പൗരനും പുതിയ പട്ടികയിൽ ഉണ്ട്. ബാക്കിയുള്ളവരെല്ലാം സ്വദേശികളാണ്. ഇറാൻ, അമേരിക്ക, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്ന് എത്തിയവർക്കും, നേരത്തെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായി സംപർക്കം പുലർത്തിയവർക്കുമാണ് പുതുതായി രോഗം കണ്ടെത്തിയത്. രോഗബാധിതരിൽ ഒരാളുടെ നില ഗുരുതരമാണ്. ഒരാൾ രോഗമുക്തനായി. ബാക്കിയെല്ലാവരും സുഖം പ്രാപിച്ചു വരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൗദിയിലേക്കുള്ള ആറ് ലക്ഷത്തിലേറെ യാത്രക്കാർ ഇതുവരെ കൊറോണ സ്ക്രീനിങ്ങിന് വിധേയരായി.

അതേസമയം സൗദിയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകളെല്ലാം നാളെ മുതൽ രണ്ടാഴ്ചത്തേക്ക് നിർത്തി വെക്കുകയാണ്. യാത്രാ വിലക്ക് നിലനിൽക്കേ സൗദി വിസയുടെ കാലാവധി അവസാനിക്കുന്ന ഇപ്പോൾ വിദേശത്തുള്ളവർക്ക് വിസ പുതുക്കി നൽകുമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ സൗദിയിലേക്ക് തിരിച്ചു വരാൻ സാധിക്കാത്ത തൊഴിലാളികൾക്ക് മാർച്ച് 15 മുതൽ 30 വരെ ഔദ്യോഗിക അവധി നൽകുമെന്നും ബന്ധപ്പെട്ടർ അറിയിച്ചു. യാത്രാ വിലക്ക് പ്രാബല്യത്തിൽ വരുന്നതിന് മുമ്പായി ഇന്നലെയും ഇന്നും ആയിരക്കണക്കിന് പ്രവാസികളാണ് സൗദിക്കും ഇന്ത്യയ്ക്കുമിടയിൽ യാത്ര ചെയ്തത്. കേരളത്തിൽ നിന്നും സൗദിയിലേക്ക് പ്രത്യക വിമാന സർവീസുകൾ ഇന്നും ഇന്നലെയും ഉണ്ടായിരുന്നു.

Story Highlights- coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top