കൊവിഡ് 19: പ്രതിരോധ പ്രവർത്തനങ്ങളിൽ കൈകോർത്ത് പൊലീസും

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ പൊലീസിന്റെ സജീവ പങ്കാളിത്തമുറപ്പാക്കി സർക്കാർ. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക പരിശോധന സംഘത്തെ നിയോഗിച്ചു. അതിർത്തി ജില്ലകളിലെ റെയിൽവേ സ്റ്റേഷനുകളിൽ ആരോഗ്യ വകുപ്പുമായി ചേർന്ന് പൊലീസ് പരിശോധന നടത്തും.

കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തേയ്ക്ക് വരുന്ന യാത്രക്കാരെ നിരീക്ഷിക്കുകയും, ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയുമാണ് പൊലീസ് ചെയ്യുന്നത്. ഡിഐജി അനൂപ് കുരുവിള ജോണിനാണ് ഇതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളുടെ ഏകോപന ചുമതല. ബറ്റാലിയൻ കമാണ്ടർമാർക്കും ചുമതല നൽകും. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കൊച്ചി വിമാനത്താവളത്തിൽ റെയ്ഞ്ച് ഡി.ഐ.ജി കാളിരാജ് മഹേഷ് കുമാർ പ്രവർത്തനങ്ങൾ വിലയിരുത്തി മാർഗ നിർദേശങ്ങൾ നൽകും. ഡിഎംഒ ഉൾപ്പെടെയുള്ള ആരോഗ്യവിഭാഗം ജീവനക്കാരുമായി ചേർന്നായിരിക്കും പൊലീസിന്റെ പ്രവർത്തനം. ആരോഗ്യവകുപ്പിനോട് ചേർന്നുള്ള പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് എഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബിനെ നിയോഗിച്ചിട്ടുണ്ട്. വിവിധ ട്രെയിനുകളിൽ കേരളത്തിലേയ്ക്ക് എത്തുന്ന യാത്രക്കാരെ അതിർത്തി പ്രദേശങ്ങളിലെ റെയിൽവേ സ്റ്റേഷനുകളിൽ തന്നെ പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. അത്തരം സ്റ്റേഷനുകളിൽ നിർത്താത്ത ട്രെയിനുകളിലെ യാത്രക്കാരെ ട്രെയിൻ കേരളത്തിൽ നിർത്തുന്ന ആദ്യത്തെ സ്റ്റേഷനിൽ തന്നെ പരിശോധിക്കും. ഒരു പൊലീസ് ഉദ്യോഗസ്ഥൻ, ഒരു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ, ഒരു ഹെൽത്ത് വോളന്റിയർ എന്നിവരടങ്ങുന്ന ടീം ഒരു ട്രെയിനിലെ രണ്ടു ബോഗികൾ വീതം പരിശോധിക്കും.

റോഡ് മാർഗം കേരളത്തിലേയ്ക്ക് വരുന്ന വാഹനങ്ങളുടെ പരിശോധനാ ചുമതല അതത് ജില്ലാ പൊലീസ് മേധാവിമാർക്കാണ്. 24 പോയിന്റുകളായി തിരിച്ചായിരിക്കും പരിശോധന നടത്തുക. പാർക്ക്, കളിസ്ഥലങ്ങൾ, മാളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ ആവശ്യമായ പരിശോധനയും നിയന്ത്രണങ്ങളും നടത്തുന്നതിനും ഉന്നത ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top