കൊവിഡ് 19: സംസ്ഥാനത്തെ വിവിധ മേഖലകള്‍ പ്രതിസന്ധിയിലായെന്ന് മുഖ്യമന്ത്രി

കൊറോണ ബാധയെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ മേഖലകള്‍ പ്രതിസന്ധിയിലായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹ്യജീവിതം സ്തംഭിക്കുന്നതു തടയാന്‍ നടപടിയെടുക്കും. വിവിധ ബാങ്കുകളില്‍ നിന്നെടുത്ത വായ്പാ തിരിച്ചടയ്ക്കുന്നതിനു സാവകാശം തേടാന്‍ ബാങ്കേഴ്‌സ് സമിതി യോഗം ഉടന്‍ വിളിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജനങ്ങളുടെ ആശങ്ക കാരണം വ്യാപാരമേഖല നിര്‍ജീവമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാധാരണ നിലയ്ക്കുള്ള വ്യാപാരം നടക്കുന്നില്ല. കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടം കോടികള്‍ വര്‍ധിക്കുകയാണ്. രോഗപ്രതിരോധത്തിന് ജാഗ്രത വേണം. എന്നാല്‍ അത് സാമൂഹ്യജീവിതം സ്തംഭിച്ചു കൊണ്ട് ആകരുതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സാമ്പത്തിക നില മോശമാകുന്ന സാഹചര്യമാണ്. പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സ്വകാര്യ ബസുകളുടെ നികുതി അടയ്ക്കാന്‍ സമയം നീട്ടി നല്‍കും. വായ്പാ തിരിച്ചടവിനായി സാവകാശം തേടും.

ക്ഷേമ പെന്‍ഷന്‍ അപേക്ഷ നല്‍കാനുള്ള തീയതി മൂന്നു മാസത്തേക്ക് നീട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ടൂറിസ്റ്റുകളായ എല്ലാവരേയും രോഗികളായി കാണരുതെന്നും ടൂറിസം മേഖലയെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളുണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍വകക്ഷിയോഗത്തില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരും പിന്തുണ പ്രഖ്യാപിച്ചു. യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് സംസ്ഥാനത്തെ പ്രതിസന്ധി പരിഹരിക്കാന്‍ നടപടിതുടങ്ങിയത്.

കേരളത്തിൽ ഇന്ന് മൂന്നു പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. കാസര്‍ഗോട് ഒരാള്‍ക്കും മലപ്പുറത്ത് രണ്ടു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 24 ആയി. 12740 പേര്‍ വിവിധജില്ലകളിലായി നിരീക്ഷണത്തിലാണ്. ഇവരില്‍ 12,470 പേര്‍ വീടുകളിലും 270 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2297 പേരുടെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ലഭ്യമായ 1693 സാമ്പിളുകള്‍ നെഗറ്റീവാണ്.

Story Highlights: covid 19 Chief Minister said that the state is in crisis

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top