ആറ് മാസം വരെ ഗർഭഛിദ്രം; ബിൽ ഇന്ന് ലോകസഭയിൽ

ഗർഭഛിദ്ര ഭേദഗതി ബിൽ ഇന്ന് ലോകസഭയിൽ അവതരിപ്പിക്കും. ഗർഭഛിദ്രത്തിനുള്ള കാലപരിധി 20 ആഴ്ച യിൽ നിന്ന് 24 ആഴ്ചയാക്കി ഉയർത്തിയ ബില്ലിന് നേരത്തെ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്‌നൻസി എന്ന തലക്കെട്ടിലുള്ള ബിൽ ആരോഗ്യമന്ത്രി ഹർഷവർധൻ ആണ് അവതരിപ്പിക്കുക. കൂടാതെ എയർക്രാഫ്റ്റ് ഭേദഗതി, കമ്പനി ഭേദഗതി ബില്ലുകൾ ഇന്ന് ലോകസഭയുടെ പരിഗണനയ്ക്ക് എത്തും. രണ്ട് ബില്ലുകളും ഇന്ന് തന്നെ ചർച്ച പൂർത്തിയാക്കി വോട്ടിനിടും.
ഇന്ന് രാജ്യസഭ നാഷണൽ കമ്മീഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഒഫ് മെഡിസിൻ, നാഷണൽ കമ്മീഷൻ ഫോർ ഹോമിയോപ്പതി ബില്ലുകൾ ആണ് നിയമനിർമാണ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അതേസമയം മുൻ ചിഫ് ജസ്റ്റിസ് രജ്ഞൻ ഗൊഗോയ്ക്ക് രാജ്യസഭ സീറ്റ് അനുവദിയ്ക്കാനുള്ള തിരുമാനത്തെ പാർലമെന്റിൽ പ്രതിപക്ഷം ചോദ്യം ചെയ്യും. വിഷയം ഇരുസഭകളിലും ഉന്നയിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. റാഫാൽ, അയോധ്യ അടക്കമൂള്ള നിരവധി കേസുകളിൽ വിധി പറഞ്ഞ ഭരണഘടനാ ബഞ്ചിന് നേതൃത്വം നൽകിയത് ജസ്റ്റിസ് ഗൊഗോയ് ആയിരുന്നു.
ജനുവരി അവസാനമാണ് ഇന്ത്യയിൽ ഇനി മുതൽ ആറ് മാസം വരെ ഗർഭഛിദ്രം നടത്താം എന്ന പുതിയ നിയമ ഭേദഗതിക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകിയത്. 1971 ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി നിയമമാണ് നിലവിൽ ഭേദഗതി ചെയ്യുന്നത്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പീഡന ഇരകൾക്കും ഭിന്നശേഷിക്കാർക്കും പ്രായപൂർത്തിയാകാതെ ഗർഭിണിയാകുന്നവർക്കും ഈ നിയമം സഹായകരമാകുമെന്ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. അവിവാഹിതകളായ സ്ത്രീകൾക്കും ആഗ്രഹിക്കാതെ ഗർഭിണികളാവുന്നവർക്കും ഗർഭഛിദ്രത്തിന് അനുമതി നൽകണമെന്ന ആവശ്യവുമായി പല സംഘടനകളും നേരത്തെ മുന്നോട്ടുവന്നിരുന്നു. എന്നാൽ ബില്ലിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നുവരുന്നുണ്ട്. നിയമം രാജ്യത്ത് ഗർഭഛിദ്രം വർധിക്കുന്നതിന് കാരണമാകുമെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു.
Story Highlights- Abortion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here