കൊവിഡ് 19: തിരുപ്പതി ക്ഷേത്രം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് പുല്ലു വില; ഭക്തജനത്തിരക്ക് രൂക്ഷം

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യം കനത്ത ജാഗ്രതയിലാണ്. ജനങ്ങൾ ഒത്തുകൂടുന്നത് ഒഴിവാക്കണമെന്നാണ് നിർദ്ദേശം. ഉത്സവങ്ങളും ഒരുമിച്ച് ചേർന്നുള്ള പ്രാർത്ഥനകളുമൊക്കെ ഇത്തരത്തിൽ ജനങ്ങൾ ഒഴിവാക്കുകയാണ്. ആന്ധ്രാപ്രദേശിലെ തിരുമല ക്ഷേത്രവും ഇത്തരത്തിൽ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഈ നിർദ്ദേശങ്ങൾ മറികടന്ന് ക്ഷേത്രത്തിൽ ഭക്തജനങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണെന്ന് ക്ഷേത്ര ഭാരവാഹികൾ പറയുന്നു.

ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ഹൈന്ദവ ദേവാലയങ്ങളിൽ പെട്ട ഒന്നാണ് തിരുമല ക്ഷേത്രം. കഴിഞ്ഞ ഒരാഴ്ച 60000 മുതൽ 80000 വരെ ഭക്തർ ദിവസേന ക്ഷേത്രത്തിൽ എത്തിയെന്നാണ് ഭാരവാഹികളുടെ കണക്ക്. ക്ഷേത്ര സന്ദർശനം നടത്തുന്ന വിശ്വാസികൾ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്ന് ക്ഷേത്ര ട്രസ്റ്റ് നിർദ്ദേശം നൽകിയിരുന്നു. ഇന്ത്യയിലെത്തി 28 ദിവസങ്ങൾക്കുള്ളിൽ ക്ഷേത്ര ദർശനത്തിന് എത്തരുതെന്ന് വിദേശ പൗരന്മാർക്കും നിർദ്ദേശം നൽകി. എന്നാൽ ഈ നിർദ്ദേശങ്ങളൊന്നും ഭക്തർ പാലിക്കുന്നില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ വെളിപ്പെടുത്തുന്നു. വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ സുരക്ഷാ നടപടികൾ സ്വീകരിക്കുമെന്നും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.

രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 125 ആയി ഉയർന്നു. ഇതിൽ ഒരാൾ ഇന്ന് മരിച്ചു. മഹാരാഷ്ട്ര സ്വദേശിയാണ് മരിച്ചത്. 64 വയസായിരുന്നു. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. രോഗം പടരുന്നത് തടയാൻ കേന്ദ്ര സർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വരികയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top