സെമിയും ഫൈനലും മാത്രം ബാക്കി; പിഎസ്എൽ നീട്ടിവച്ചു

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പാകിസ്താൻ സൂപ്പർ ലീഗ് നീട്ടിവച്ചു. നോക്കൗട്ട് റൗണ്ടുകൾ ചുരുക്കി നടത്താമെന്ന് നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും സ്ഥിതിഗതികൾ വഷളാവുന്ന സാഹചര്യത്തിലാണ് ലീഗ് നീട്ടിവച്ചത്. കൊവിഡ് 19 ഭീഷണിയെ തുടർന്ന് വിദേശ താരങ്ങൾ നാട്ടിലേക്ക് മടങ്ങിയതും പിസിബിയെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു. പുതിയ തിയതി വൈകാതെ തീരുമാനിക്കും എന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

ക്വാളിഫയർ, എലിമിനേറ്റർ തുടങ്ങിയവ മാറ്റി രണ്ട് സെമിഫൈനലും ഫൈനലും നടത്താമെന്നായിരുന്നു പിസിബിയുടെ തീരുമാനം. ഇന്നായിരുന്നു സെമിഫൈനലുകൾ നടത്താൻ തീരുമാനിച്ചിരുന്നത്. നാളെ ഫൈനൽ. എന്നാൽ, ക്രിസ് ലിൻ അടക്കമുള്ള മിക്ക താരങ്ങളും നാട്ടിലേക്ക് മടങ്ങിയത് ടീമുകൾക്ക് പ്രതിസന്ധി സൃഷ്ടിച്ചു. പല ടീമുകളും തങ്ങളുടെ പരിശീലകരെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ലീഗ് മാറ്റിവക്കുകയാണെന്ന് പിസിബി അറിയിച്ചത്.

നേരത്തെ, ഐപിഎൽ നീട്ടിവക്കാൻ ബിസിസിഐ തീരുമാനിച്ചിരുന്നു. ഏപ്രിൽ 15ലേക്കാണ് ഐപിഎൽ മാറ്റിവച്ചിരിക്കുന്നത്. ഈ മാസം 29ന് മത്സരങ്ങൾ തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്. ഇതാണ് രണ്ടാഴ്ചത്തേക്ക് മാറ്റിയത്. നേരത്തെ, ഐപിഎൽ മാറ്റിവെക്കില്ലെന്ന് ഗാംഗുലി പറഞ്ഞിരുന്നു. ഈ നിലപാട് മാറ്റിയാണ് അദ്ദേഹം ഐപിഎൽ മാറ്റിവെക്കുകയാണെന്ന് അറിയിച്ചത്.

ജനങ്ങൾ ഒരുമിച്ച് കൂടുന്ന ഒരു കായിക മത്സരവും നടത്തരുതെന്നും നടത്തുന്ന മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ ആവണമെന്നും കായിക മന്ത്രാലയം രാജ്യത്തെ സ്പോർട്സ് ഫെഡറേഷനുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതോടൊപ്പം, കർണാടക, ഡൽഹി, മഹാരാഷ്ട്ര സർക്കാരുകൾ ഐപിഎൽ നടത്താൻ സാധിക്കില്ലെന്ന് അറിയിച്ചതും പുതിയ തീരുമാനം എടുക്കാൻ ബിസിസിഐയെ നിർബന്ധിതരാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top