ചങ്ങനാശേരി പുതുജീവൻ ട്രസ്റ്റിൽ വീണ്ടും മരണം; ദുരൂഹത

ദുരൂഹത ഉണർത്തി കോട്ടയം ചങ്ങനാശേരി പുതുജീവൻ ട്രസ്റ്റിൽ വീണ്ടും മരണം. തിരുവല്ല ബിലീവേഴ്‌സ് ചർച്ച് ആശുപത്രിയിൽ ചികിത്സയിലിരുന്ന ടി.എം ജോർജാണ് ഇന്ന് മരിച്ചത്. ഇതോടെ ജില്ലയിലെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ഒരുമാസത്തിനിടെ മരിച്ച അന്തേവാസികളുടെ എണ്ണം പന്ത്രണ്ടായി.

മാനസിക രോഗ ചികിത്സാ കേന്ദ്രങ്ങളിലെ തുടർ മരണങ്ങളിൽ അന്വേഷണം നടക്കുന്നതിനിടെയാണ് പുതുജീവൻ ട്രസ്റ്റിലെ പുതിയ മരണം. ഈ മാസം ഒന്നിന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അറുപത്തിരണ്ടുകാരൻ ടി എം ജോർജ് മരിച്ചതോടെ സ്ഥാപനത്തിൽ ഒരുമാസത്തിനിടെ മരിച്ചത് നാല് പേർ. ഫെബ്രുവരി 23 നും 27 നും 29നുമായിരുന്നു മുൻ മരണങ്ങൾ. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം തുടരുന്നതിനിടെ കഴിഞ്ഞയാഴ്ച മറ്റ് രണ്ട് സ്ഥാപനങ്ങളിൽ കൂടി തുടർ മരണങ്ങൾ ഉണ്ടായി. അഞ്ച് ദിവസത്തിനിടെ നെടുംകുന്നം സഞ്ജീവനിയിൽ അഞ്ചുപേരും, കുറിച്ചി ജീവൻ ജ്യോതിയിൽ മൂന്നു പേരുമാണ് മരിച്ചത്.

മൂന്നിടത്തും അന്തേവാസികൾക്ക് നൽകിയിരുന്ന ഗോൾഡ് പ്രൈഡ് 200 എം.ജി എന്ന മരുന്ന് ഡ്രഗ് കൺട്രോൾ വിഭാഗം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മരിച്ചവരും ആശുപത്രിയിൽ കഴിയുന്ന വരും ഈ മരുന്നുകൾ കഴിച്ചിരുന്നു. പരിശോധനാഫലം ലഭ്യമാകാൻ കാത്തിരിക്കെ, ഈ മരുന്നിന്റെ ഉപയോഗം ഒഴിവാക്കാൻ ആരോഗ്യ വകുപ്പ് മാനസികാരോഗ്യ കേന്ദ്രങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിനിടെയാണ് മുമ്പ് ചികിത്സയിൽ ഉണ്ടായിരുന്നയാളുടെ മരണം.

story highlights- puthujeevan mental health center, changanassery

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top