രഞ്ജൻ ഗൊഗോയിയുടെ സത്യപ്രതിജ്ഞ; നാണക്കേടെന്നു പറഞ്ഞ് പ്രതിപക്ഷം ഇറങ്ങിപ്പോയി

പ്രതിപക്ഷ ബഹളത്തിനിടെ സുപ്രിം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. നാണക്കേട് എന്ന് വിളിച്ചുപറഞ്ഞ് പ്രതിപക്ഷം ഇറങ്ങിപ്പോയി. പ്രതിപക്ഷത്തിന്റെ പ്രവൃത്തി അന്യായമായി പോയെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് വിമർശിച്ചു.
രഞ്ജൻ ഗൊഗോയ് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യവേ പ്രതിപക്ഷം ഷെയിം, ഷെയിം മുദ്രാവാക്യം മുഴക്കിയാണ് സഭയിൽ നിന്ന് ഇറങ്ങിപ്പോയത്. എന്നാൽ, രഞ്ജൻ ഗൊഗോയിയെ പോലെ തന്നെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ഒട്ടേറെ പ്രമുഖർ രാജ്യസഭയിൽ എത്തിയ പാരമ്പര്യമുണ്ടെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. രഞ്ജൻ ഗൊഗോയിയും അദ്ദേഹത്തിന്റേതായ സംഭാവനകൾ നൽകും. പ്രതിപക്ഷം ഇറങ്ങിപ്പോയത് അന്യായമായ പ്രവൃത്തിയായി പോയെന്നും അദ്ദേഹം പറഞ്ഞു.
കുടുംബത്തോടൊപ്പമാണ് രഞ്ജൻ ഗൊഗോയ് സത്യപ്രതിജ്ഞയ്ക്ക് എത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാജ്യസഭയിൽ എത്തിയിരുന്നില്ല. മുതിർന്ന അഭിഭാഷകൻ കെ ടി എസ് തുൾസിയുടെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ഗൊഗോയിയെ നാമനിർദേശം ചെയ്തത്. നാമനിർദേശം ചെയ്യപ്പെടുന്ന അംഗങ്ങൾക്ക് പിന്നീട് രാഷ്ട്രീയപാർട്ടികളുടെ പ്രാതിനിധ്യം സ്വീകരിക്കാം.
രഞ്ജൻ ഗൊഗോയിയെ രാജ്യസഭയിലേയ്ക്ക് നാമനിർദേശം ചെയ്ത നടപടിയെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. സ്വന്തം വിധിന്യായത്തെ തന്നെ ലംഘിക്കുന്ന പ്രവർത്തിക്കാണ് രഞ്ജൻ ഗൊഗോയി കൂട്ടിനിൽക്കുന്നതെന്നായിരുന്നു നിയമഞ്ജർ ചൂണ്ടിക്കാണിച്ചത്. ട്രിബ്യൂണൽ അംഗങ്ങളെ വിരമിച്ചശേഷം മറ്റ് സ്ഥാനങ്ങളിൽ പുനർനിയമിക്കുന്നതിനെതിരെ രഞ്ജൻ ഗൊഗോയി അധ്യക്ഷനായിരുന്ന ഭരണഘടന ബഞ്ച് വിധി പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഇങ്ങനെയൊരു വിധി പുറപ്പെടുവിക്കുന്നത് ഗൊഗോയി സുപ്രിംകോടതിയിൽ നിന്ന് വിരമിക്കുന്നതിന് തൊട്ടുമുൻപായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here