മാളുകൾ അടക്കാൻ താൻ നൽകിയ നിർദ്ദേശം മേലധികാരികൾ അസാധുവാക്കി; സർക്കാരുമായുള്ള ഭിന്നത തുറന്നു പറഞ്ഞ് തിരുവനന്തപുരം കളക്ടർ

കൊവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് മാളുകൾ അടയ്ക്കാൻ നിർദ്ദേശം നൽകിയ സംഭവത്തിൽ കളക്ടർ കെ.ഗോപാലകൃഷ്ണനും സർക്കാരുമായുള്ള ഭിന്നത മറനീക്കി പുറത്ത്. മാളുകൾ അടയ്ക്കാൻ താൻ ശനിയാഴ്ച്ച നിർദ്ദേശം നൽകിയിരുന്നുവെന്നും മേൽ അധികാരികൾ അത് അസാധുവാക്കുകയായിരുന്നുവെന്നും കളക്ടർ ഫെയ്സ്ബുക്ക് കമൻ്റിൽ തുറന്നെഴുതി. ഇതോടെ മാൾ വിവാദം വീണ്ടും സജീവമായി.

വർക്കലയിലെ ഇറ്റാലിയൻ പൗരനടക്കം, തലസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചതിൻ്റെ പശ്ചാത്തലത്തിലായിരുന്നു ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കഴിഞ്ഞ ശനിയാഴ്ച്ച കളക്ടർ വിശദീകരിച്ചത്. ജനങ്ങൾ പരിഭ്രാന്തരായതോടെ കളക്ടറുടെ നടപടി സർക്കാർ തിരുത്തി. സംഭവം വിവാദമായെങ്കിലും മാളുകളും ബീച്ചുകളും അടച്ചിടണമെന്ന ഉത്തരവ് ജില്ലാ ഭരണകൂടം പിൻവലിച്ചില്ല. തുടർന്നായിരുന്നു ഔദ്യോഗിക ഫെയ്സ്സ്ബുക്കിൽ പേജിൽ കളക്ടർ തന്നെ അതൃപ്തി രേഖപ്പെടുത്തിയത്.

കൊവിഡ് 19 വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ തലസ്ഥാനത്തെ മാളുകളും തിരക്കേറിയ വ്യാപാര സ്ഥാപനങളും അടയക്കണമെന്ന കമൻ്റിന് കളക്ടർ നൽകിയ മറുപടിയിൽ ഭിന്നത മറ നീക്കി പുറത്തു വന്നു. ജില്ലാ കളക്ടർ എന്ന നിലയിൽ, മാളുകൾ അടയ്ക്കാൻ താൻ ശനിയാഴ്ച്ച നിർദ്ദേശം നൽകിയതയിരുന്നുവെന്നും മേലധികാരികൾ അത് അസാധുവാക്കുകയായിരുന്നുവെന്നും കളക്ടർ വ്യക്തമാക്കി. സ്ഥിതിഗതികൾ വിലയിരുത്തി അതാത് ജില്ലയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ  അധികാരമുണ്ടെന്ന വിശദീകരണമാണ് ജില്ലാ ഭരണകൂടം നൽകുന്നത്. ഇതോടെ മാൾ വിവാദം വീണ്ടും സജീവമായി.

അതേ സമയം, കൊവിഡ് 19 നുമായി ബന്ധപ്പെട്ട് പുതിയ കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതു വരെ പുറത്ത് വന്ന എല്ലാ റിസൾട്ടുകളും നെഗറ്റീവാണ്. നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലെ ഐസൊലേഷനിൽ കഴിയുന്ന എല്ലാവരുടേയും നില തൃപ്തികരമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top