നാല് പ്രതികളേയും തൂക്കിയത് ഒരേസമയം; കൃത്യനിർവഹണം യഥാസമയം നടന്നുവെന്ന് ജയിലധികൃതർ

നിർഭയ കേസിൽ നാല് പ്രതികളേയും തൂക്കിലേറ്റിയത് ഒരേസമയം. തിഹാർ ജയിലിന്റെ ചരിത്രത്തിൽ ആദ്യമായാണ് നാല് പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റുന്നത്. ഡോക്ടർമാർ പ്രതികളുടെ മരണം ഉറപ്പുവരുത്തി. കൃത്യനിർവഹണം യഥാസമയം നടന്നുവെന്ന് ജയിലധികൃതർ വ്യക്തമാക്കി.

പുലർച്ചെ അഞ്ച് മണിയോടെ വധശിക്ഷയ്ക്ക് മുന്നോടിയായുള്ള മുപ്പത് മിനിറ്റ് കൗണ്ട്ടൗൺ ആരംഭിച്ചു. പ്രതികൾക്ക് പ്രാർത്ഥിക്കാനുള്ള അവസരം നൽകിയിരുന്നു. തുടർന്ന് 5.15 ഓടെ നാല് പ്രതികളേയും സെല്ലിൽ നിന്ന് തൂക്കുകയറിനടുത്തേക്ക് കൊണ്ടു പോയി. തൂക്കുമുറി എത്തുന്നതിന് തൊട്ടു മുൻപായി നാല് പ്രതികളുടേയും കണ്ണുകൾ കറുത്ത തുണി കൊണ്ടു മൂടി. ശേഷം അവസാനവട്ട പരിശോധന നടത്തി.

5.29-ഓടെ ജയിൽ അധികൃതർ നാല് പ്രതികളുടേയും മരണവാറണ്ട് വായിച്ചു കേൾപ്പിച്ചു. ആരാച്ചാരായ പവൻ ജല്ലാദിനെ സഹായിക്കാൻ നാല് പേരെ അധികൃതർ ചുമതലപ്പെടുത്തിയിരുന്നു. ഇവർ പ്രതികളുടെ കഴുത്തിൽ തൂക്കുകയർ അണിയിച്ചു. കൃത്യം 5.30-ന് നാല് പ്രതികളേയും തൂക്കിലേറ്റി. 5.31-ന് ഇക്കാര്യം ജയിൽ അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

നാല് പേരുടേയും മൃതദേഹങ്ങൾ ചട്ടപ്രകാരം അരമണിക്കൂർ സമയം കൂടി തൂക്കുകയറിൽ തന്നെ കിടന്നു. മരണം പൂർണമായും ഉറപ്പാക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. തുടർന്ന് രാവിലെ ആറ് മണിയോടെ നാല് പേരുടേയും മൃതദേഹങ്ങൾ തൂക്കുകയറിൽ നിന്നും അഴിച്ചു മാറ്റി. നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതികളുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top