കൊവിഡ് 19; മാഹിയില്‍ നിരോധനാജ്ഞ

കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന പശ്ചത്തലത്തില്‍ മാഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒരു കൊറോണ കേസ് സ്ഥിരീകരിച്ചപ്പോള്‍ തന്നെ കേന്ദ്ര ഭരണ പ്രദേശമായ മാഹിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെയാണ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം മാഹിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ നല്‍കുമെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി പ്രഖ്യാപിച്ചിരുന്നു. സാഹചര്യങ്ങള്‍ വിലയിരുത്താന്‍ പുതുച്ചേരി മുഖ്യമന്ത്രിയുടേയും ആരോഗ്യമന്ത്രിയുടേയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. മാഹിയില്‍ രോഗം ബാധിച്ച സ്ത്രീയടക്കം രണ്ട് പേര്‍ ആശുപത്രിയിലും 142 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.

മാഹിയില്‍ ചാലക്കര സ്വദേശിനിയായ അറുപത്തിയെട്ടുകാരിക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമിയും ആരോഗ്യ മന്ത്രി മല്ലാടി കൃഷ്ണറാവുവും മാഹിയിലെത്തി. കൊവിഡ് രോഗബാധക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനുള്ള യോഗത്തില്‍ ഇവര്‍ പങ്കെടുത്തു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യഘട്ടത്തില്‍ ഒരു കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. കണ്ണൂര്‍, കോഴിക്കോട് വിമാനത്താവളങ്ങളിലിറങ്ങി മാഹിയിലേക്ക് വരുന്നവരെ പരിശോധിക്കണമെന്നും ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് കത്തയച്ചതായും പുതുച്ചേരി മുഖ്യമന്ത്രി പറഞ്ഞു.

മാഹി ജനറല്‍ ആശുപത്രിയില്‍ വെന്റിലേറ്ററും മറ്റ് സൗകര്യങ്ങളും ഉടന്‍ ഒരുക്കുമെന്നും വി.നാരായണസ്വാമി പറഞ്ഞു. മാഹിയില്‍ 15 സംഘങ്ങളായാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മാഹി എംഎല്‍എ, റീജിയണല്‍ അഡ്മിനിസ്‌ട്രേറ്റര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top