കൊവിഡ് 19: സാനിറ്റൈസര്‍, ഗ്ലൗസ്, മാസ്‌ക് തുടങ്ങിയവ വ്യവസായ വകുപ്പ് ലഭ്യമാക്കും

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ സംസ്ഥാനത്തിന് ആവശ്യമായ ഹാന്‍ഡ് സാനിറ്റൈസര്‍, മെഡിക്കല്‍ ഗ്ലൗസ്, മെഡിക്കല്‍ മാസ്‌ക്, ഓക്‌സിജന്‍ തുടങ്ങിയവ വ്യവസായ വകുപ്പ് ലഭ്യമാക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍. സംസ്ഥാനത്തെ ആരോഗ്യമേഖലയ്ക്ക് നിലവില്‍ ആവശ്യമായതും ഒപ്പം അടുത്ത ആഴ്ചകളില്‍ ആവശ്യമായ അളവിലും ഈ വസ്തുക്കള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ വകുപ്പിന് മാര്‍ച്ച് 31 വരെ ഒന്നേ കാല്‍ ലക്ഷം ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ആവശ്യമുണ്ട്. വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെഎസ്ഡിപി) ആവശ്യമായ അളവില്‍ സാനിറ്റൈസര്‍ നിര്‍മിച്ച് നല്‍കും. ആരോഗ്യ വകുപ്പിന് ആവശ്യമായ അളവ് നല്‍കിയ ശേഷമേ കെഎസ്ഡിപി സാനിറ്റൈസര്‍ മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യൂ.
ഈ മാസം 31 വരെ 10 ലക്ഷം മെഡിക്കല്‍ ഗ്ലൗസാണ് ആരോഗ്യ വകുപ്പിന് ആവശ്യം. എറണാകുളത്ത് കിന്‍ഫ്രയുടെയും റബര്‍ ബോര്‍ഡിന്റെയും സംയുക്ത സംരംഭമായ റബര്‍ പാര്‍ക്കിലുള്ള സ്ഥാപനത്തില്‍ നിന്ന് ഗ്ലൗസ് ലഭ്യമാക്കും. ആശുപത്രികളിലെ ഓക്‌സിജന്റെ അഭാവം പരിഹരിക്കുന്നതിന് സംസ്ഥാനത്തെ പ്രമുഖ വിതരണക്കാരില്‍ നിന്ന് ഓക്‌സിജന്‍ ലഭ്യമാക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തി. ഓക്‌സിജന്‍ വിതരണത്തിന് സിലിണ്ടര്‍ കൂടുതലായി ലഭ്യമാക്കുന്നതും ആലോചനയിലുണ്ട്. മെഡിക്കല്‍ മാസ്‌കുകള്‍ക്ക് വലിയ ക്ഷാമമാണ്. ഇത്തരം മെഡിക്കല്‍ മാസ്‌കുകള്‍ ലഭ്യമാക്കാന്‍ തമിഴ്‌നാട്ടിലും മറ്റുമുള്ള കമ്പനികളുമായി ബന്ധപ്പെട്ടിട്ടുണ്ട്. അനുകൂല പ്രതികരണമാണ് ഉണ്ടായത്.
ആശുപത്രികളില്‍ കൊവിഡ് 19 രോഗികള്‍ ഉപയോഗിച്ച ബെഡ്ഷീറ്റുകളും മറ്റും നശിപ്പിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബെഡ്ഷീറ്റുകളും മറ്റും കൂടുതലായി ആവശ്യമാണ്. വ്യവസായ വകുപ്പിനു കീഴിലെ കൈത്തറി, ഖാദി മേഖലകളുമായി ബന്ധപ്പെട്ട് ആശുപത്രികള്‍ക്ക് ആവശ്യമായ ബെഡ്ഷീറ്റുകള്‍, തോര്‍ത്ത് തുടങ്ങിയവയും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: coronavirus, Covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here