കണ്ണൂരിൽ കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പേരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

കണ്ണൂർ ജില്ലയിൽ കൊവിഡ് രോഗബാധ സ്ഥിരീകരിച്ച മൂന്ന് പേരുടെയും റൂട്ട് മാപ്പുകൾ പ്രസിദ്ധീകരിച്ചു. ഈ മാസം 18 നാണ് മൂന്ന് പേരും ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. ഇവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരെ ഉടൻ നിരീക്ഷണത്തിലാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

മാർച്ച് 18ന് ദുബായിൽ നിന്ന് കോഴിക്കോട് വിമാനത്താവളം വഴിയെത്തിയ രണ്ട് പേർക്കും ഷാർജയിൽ നിന്ന് കണ്ണൂർ വിമാനത്താവളം വഴി വന്ന ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.കാസർഗോഡ് സ്വദേശിയായ ഒരാൾ ഗൾഫിൽ നിന്ന് കണ്ണൂർ സിറ്റിയിലെ ഭാര്യ വീട്ടിലേയ്ക്ക് വന്ന ശേഷമാണ് ആശുപത്രിയിൽ നിരീക്ഷണത്തിലായത്. ദുബായിൽ നിന്നുള്ളഎയർ ഇന്ത്യ എക്‌സ്പ്രസിൽ മാർച്ച് 18ന് രാവിലെ 8 മണിക്കാണ് ഇയാൾ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയത്. ടാക്‌സിയിൽ രണ്ട് പേർക്കൊപ്പം ഫറൂഖിലേക്ക് യാത്ര തിരിച്ചു. ഫറൂഖ് ബസ് സ്റ്റാൻഡിലെ ഒരു കടയിൽ നിന്ന് ഫോൺ റീച്ചാർജ് ചെയ്തു. ഫറൂഖ് റെയിൽവേ സ്റ്റേഷനിലെത്തി ടിക്കറ്റെടുത്ത ശേഷം സ്റ്റേഷന്റെ മുന്നിലുള്ള ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. ഉച്ചയ്ക്ക് 12.40ന് ഏറനാട് എക്‌സ്പ്രസിൽ കണ്ണൂരിലേയ്ക്ക് പുറപ്പെട്ടു. എഞ്ചിനിൽ നിന്ന് രണ്ടാമത്തെയോ മൂന്നാമത്തെയോ കോച്ചിലായിരുന്നു യാത്ര. 2.45 ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയ ഇയാൾ ബന്ധുവിന്റെ ഓട്ടോയിൽ വീട്ടിലെത്തി. പിറ്റേന്ന് രാവിലെ 11 മണിക്ക് ജില്ലാ ആശുപത്രിയിൽ അഡ്മിറ്റായി. രോഗം ബാധിച്ച കതിരൂർ സ്വദേശി ദുബൈയിൽ നിന്ന് എസ്ജി 54 എന്ന നമ്പറിലുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിൽ മാർച്ച് 18 ന് രാത്രി 9.30നാണ് കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്. രണ്ട് സുഹൃത്തുക്കൾക്കൊപ്പം ടാക്‌സിയിൽ വീട്ടിലെത്തിയ ഇയാൾ പിറ്റേന്ന് രാവിലെ 10.15 മുതൽ തലശേരി ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് നിർമലഗിരി സ്വദേശി മാർച്ച് 18ന് രാവിലെ 8.15ന് കണ്ണൂർ വിമാനത്താവളത്തിലെത്തിയത്. സഹോദരന്റെ കാറിൽ വീട്ടിലെത്തിയ ഇയാൾ വൈകീട്ട് ഏഴരയോടെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. രാത്രി ഇയാളെ തലശേരി ജനറൽ ആശുപത്രിയിലെത്തിച്ചു. മൂന്ന് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്. വിമാനങ്ങളിലെയും ട്രെയിനിലെയും സഹയാത്രക്കാരടക്കമുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top