‘അത്തരം ട്രോളുകളിൽ നിന്ന്‌ എന്നെ ഒഴിവാക്കണം’; സലിം കുമാർ

പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനത കർഫ്യുവിനെ പരിഹസിച്ചുകൊണ്ട് സമൂഹ്യമാധ്യമങ്ങളിൽ നിരവധി ട്രോളുകളാണ് നിറഞ്ഞത്. മലയാളികളായിരുന്നു ഇതിനു മുൻപിൽ നിന്നത്. എന്നാൽ, ഇത്തരം ട്രോളുകൾക്കെതിരെ രംഗത്തു വന്നിരിക്കുകയാണ് നടൻ സലിം കുമാർ. താൻ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ മീമുകൾ ഉപയോഗിച്ച് ജനത കർഫ്യൂവിനെതിരെ ട്രോളുകൾ ഉണ്ടാക്കുന്നതിനെയാണ് സലിം കുമാർ തടയുന്നത്.

‘ജനത കർഫ്യു പ്രഖ്യപനം വന്നതിനു പിന്നാലെ ഒരുപാട് ട്രോളുകൾ അതേച്ചൊല്ലി ഇറങ്ങി. അതിൽ കൂടതിലും എന്റെ മുഖം വച്ചുള്ള ട്രോളുകളായിരുന്നു. മനസാവാച എനിക്കതിൽ ബന്ധമില്ലെങ്കിലും പശ്ചാത്താപമുണ്ട്. അത്തരം ട്രോളുകളിൽ നിന്നും എന്നെ ഒഴിവാക്കണം. ഇതൊരു അപേക്ഷയാണ്. കൊറോണ സംബന്ധിയായ ട്രോളുകൾ കൊണ്ട് നിങ്ങൾക്ക് കിട്ടുന്ന ചിരിയുടെ നീളം നിങ്ങൾക്കോ നിങ്ങളുടെ കുടുംബത്തിനോ ഈ രോഗം ബാധിക്കുന്നതുവരെയുള്ളൂ’ എന്നുമാണ് സലിം കുമാർ പറയുന്നത്.

രോഗവ്യാപനം തടയുന്നതിനുവേണ്ടിയുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് ജനത കർഫ്യൂ എന്നാണ് സലിം കുമാർ അഭിപ്രായപ്പെടുന്നത്. കൊറോണ വൈറസിന്റെ വ്യാപനം 14 മണിക്കൂർ ജനത കർഫ്യൂ മൂലം ഇല്ലാതാകുമെന്നും സ്വഭാവികമായും ചങ്ങല മുറിയുമെന്നും നടൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേസമയം, കർഫ്യയൂ പൂർണമായാൽ മാത്രമാണ് ഉദ്ദേശിക്കുന്ന പ്രയോജനം കിട്ടൂവെന്നും കൂടി സലിം കുമാർ ഓർമിപ്പിക്കുന്നുണ്ട്.

ഞായറാഴ്ച്ച വൈകിട്ട് പത്രങ്ങൾ കൂട്ടിമുട്ടിച്ചോ കൈയടിച്ചോ ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കണമെന്ന പ്രധാനമന്ത്രിയുടെ അഭ്യർത്ഥനയേയും സലിം കുമാർ സ്വാഗതം ചെയ്യുകയാണ്. നമുക്ക് വേണ്ടി രാപകൽ അധ്വാനിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, ആരോഗ്യവകുപ്പ് ജിവനക്കാർ, പൊലീസ്, ശുചീകരണ തൊഴിലാളികൾ, മാധ്യമങ്ങൾ ഇവരെയൊക്കെ സ്മരിച്ചുകൊണ്ട് അഭിവാദ്യം അർപ്പിക്കുന്നതിലെന്താണ് തെറ്റ് എന്നാണ് സലിം കുമാർ ചോദിക്കുന്നത്. ഭാരതത്തിലെ മുഴുവൻ ജനങ്ങളും പാത്രത്തിൽ തട്ടുന്ന ശബ്ദം സംഗീതമായി പ്രപഞ്ചം മുഴുവൻ അലയടിക്കണമെന്നാണ് സലിം കുമാർ പറയുന്നത്.

കൊറോണ തീർത്ത അന്ധകാരത്തിലൂടെയാണ് ഇനി നാം മുന്നോട്ട് നടക്കേണ്ടതെന്നും അവിടെ നമുക്ക് കൂട്ടായിട്ടുള്ളത് ജാതിയോ മതമോ രാഷ്ട്രീയമോ അല്ലെന്നും മറിച്ച് സർക്കാരും ആരോഗ്യവകുപ്പും ശാസ്ത്രലോകവും നൽകുന്ന ചെറുതിരിവെട്ടമാണെന്നും സലിം കുമാർ ഓർമിപ്പിക്കുന്നു. കക്ഷിരാഷ്ട്രീയത്തിന്റെ കണ്ണടകൾ ഇപ്പോൾ ഊരിവയ്ക്കണമെന്നും അത് ധരിക്കാൻ ഇനിയും സമയമുണ്ടെന്ന വിമർശനവും സലിം കുമാർ ഉയർത്തുന്നു.

Story highlight: against the janatha curfew trolls, salim kumar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top