കൊവിഡ് ബാധിത ജില്ലകളിലെ നിയന്ത്രണം നാളത്തെ ചർച്ചയ്ക്ക് ശേഷം

കേരളത്തിലെ കൊവിഡ് ബാധിത ജില്ലകളിലെ നിയന്ത്രണം എങ്ങനെയെന്ന് നാളത്തെ ചർച്ചയ്ക്ക് ശേഷം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ അറിയിപ്പ് ലഭിച്ചു. വിശദമായ ചർച്ചയ്ക്ക് ശേഷമേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുകയുള്ളൂ എന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

നേരത്തേ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നതിന് നിർദേശങ്ങൾ നൽകിയിട്ടുണ്ട്. കാസർഗോഡ് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആ ജില്ലകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കാസർഗോഡ്, മലപ്പുറം, കണ്ണൂർ, കോട്ടയം എന്നീ ജില്ലകൾ അടച്ചിടുമെന്നായിരുന്നു കേന്ദ്രസർക്കാർ തീരുമാനത്തെ തുടർന്നുള്ള ആദ്യസൂചന. എന്നാൽ സംസ്ഥാനത്ത് പത്ത് ജില്ലകളാണ് കൊവിഡ് 19 ബാധിതമെന്നും കാസർഗോഡ് അടച്ചിടുമെന്നും ചീഫ് സെക്രട്ടറി ടോം ജോസ് മാധ്യമങ്ങളോട് പറഞ്ഞു. തൊട്ടുപിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ വാർത്താക്കുറിപ്പിൽ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് അറിയിച്ചു.

അതേസമയം, കേന്ദ്രം പുറത്തിറക്കിയ 75 കോവിഡ് 19 ജില്ലകളുടെ പട്ടികയിൽ സംസ്ഥാനത്തെ പത്തുജില്ലകളാണ് ഇടംപിടിച്ചത്. കൊല്ലം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ മാത്രമാണ് നിലവിൽ രോഗബാധിതരില്ലാത്തത്.

story highlights- coronavirus, chief minister’s office, pinarayi vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top