അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്റ്റ്, കനത്ത പിഴ; കർശന നടപടിയിലേക്ക് സർക്കാർ

കൊവിഡ് 19 പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കർശന നടപടികളുമായി സംസ്ഥാന സർക്കാർ. ലോക്ക് ഡൗൺ പ്രഖ്യാപിച്ച സൗഹചര്യത്തിൽ അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്റ്റുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇവർ കനത്ത പിഴയൊടുക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് മാർച്ച് 31 വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. അതിർത്തികൾ ഇതിനോടകം അടച്ചു. പൊതുഗതാഗതം ഉണ്ടാകില്ല. സ്വകാര്യ വാഹനങ്ങൾ അനുവദിക്കുന്നതായിരിക്കും. എൽപിജി, പെട്രോൾ പമ്പുകൾ പ്രവർത്തിക്കും. ആരാധനാലയങ്ങളുടെ എല്ലാ ചടങ്ങുകളും നിർത്തിവയ്ക്കും. റെസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് അനുവദിക്കില്ല. ഹോം ഡെലിവറി അനുവദിക്കും. എല്ലാ അവശ്യ സാധനങ്ങളുടേയും ലഭ്യത ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് 28 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 91 ആയി. കൊവിഡ് സ്ഥിരീകരിച്ച 19 പേരും കാസർഗോഡ് സ്വദേശികളാണ്. അഞ്ച് പേർ കണ്ണൂർ സ്വദേശികളും രണ്ട് പേർ എറണാകുളം ജില്ലക്കാരുമാണ്. തൃശൂർ പത്തനംതിട്ട സ്വദേശികൾക്കും കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച 25 പേരും ദുബായിൽ നിന്ന് എത്തിയവരാണ്.

കൊവിഡ് സംശയത്തിൽ 64320 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 63937 പേർ വീടുകളിലും 383 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 122 പേരെ ഇന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അനിയന്ത്രിതമായ സാഹചര്യത്തിലേക്ക് സംസ്ഥാനം കടന്നതായി മുഖ്യമന്ത്രി അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top