ഇതര സംസ്ഥാന തൊഴിലാളികളെ കുത്തിനിറച്ച് തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്ന ലോറി പിടികൂടി

കൊവിഡ് 19 പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളെ കുത്തിനിറച്ച് തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്ന ലോറി പൊലീസ് പിടികൂടി. പന്തീരങ്കാവ് ബൈപാസില്‍ വച്ചാണ് പൊലീസ് ലോറി പിടികൂടിയത്. ലോറിയില്‍ 50 ഇതര സംസ്ഥാന തൊഴിലാളികള്‍ ഉണ്ടായിരുന്നു.

സംഭവത്തില്‍ പൊലീസ് ലോറി പിടിച്ചെടുക്കുകയും ഡ്രൈവര്‍ക്ക് എതിരെ കേസെടുക്കുകയും ചെയ്തു. ആരോഗ്യവകുപ്പ് സ്ഥലത്ത് എത്തി എല്ലാവരെയും പരിശോധിച്ചു. സംശയം തോന്നിയ മൂന്ന് പേരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശേഷം ബാക്കിയുള്ളവരെ രണ്ട് കെഎസ്ആര്‍ടിസി ബസുകളില്‍ തമിഴ്‌നാട്ടിലേക്ക് കയറ്റിവിട്ടു.

അതേസമയം, സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ അവശ്യസേവനങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ക്ക് പാസ് നല്‍കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ സത്യവാങ്മൂലം നല്‍കണമെന്നും ഡിജിപി പറഞ്ഞു. തെറ്റായ വിവരങ്ങളാണ് സത്യവാങ്മൂലത്തില്‍ നല്‍കുന്നതെങ്കില്‍ അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പാസുകള്‍ ജില്ലാ പൊലീസ് മേധാവികളാണ് നല്‍കുക. കൂടുതല്‍ ആളുകള്‍ പുറത്തിറങ്ങാതിരിക്കാനാണ് നിയന്ത്രണം. മരുന്നുകള്‍ കൊണ്ടുവരുന്നതിനോ സാധനങ്ങള്‍ കൊണ്ടുവരുന്നതിനോ പോകുന്ന വാഹനങ്ങളെ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: coronavirus, Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top