നാളെ മുതൽ പുറത്തിറങ്ങിയാൽ ലോക്കാവും; നടപടി കനപ്പിക്കാൻ പൊലീസ്

ലോക് ഡൗൺ നിർദേശം ലംഘിച്ച് വ്യക്തമായ കാരണങ്ങൾ കൂടാതെ യാത്ര ചെയ്യുന്നവർക്കെതിരെ പൊലീസ് നടപടി നാളെ മുതൽ ശക്തിപ്പെടുത്തും. സത്യവാങ്മൂലവും പാസും നിർബന്ധമായും പരിശോധിക്കാനാണ് സംസ്ഥാന പൊലീസ് മേധാവി നൽകിയിരിക്കുന്ന നിർദേശം.വിലക്ക് ലംഘിച്ച് രണ്ട് തവണ യാത്ര ചെയ്താൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യാനാണ് തീരുമാനം. നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്ത് ഇന്ന് 1,751 പേർക്കെതിരെ കേസെടുത്തു.

Read Also: ലോക്ക് ഡൗണ്‍ ലംഘിച്ച് വാഹനവുമായി പുറത്തിറങ്ങി: സംസ്ഥാനത്ത് 2535 പേര്‍ അറസ്റ്റില്‍

ചില ജില്ലകളിൽ ലോക് ഡൗണിനോടുള്ള ജനങ്ങളുടെ നിസഹകരണം തുടരുന്ന സാഹചര്യത്തിലാണ് നടപടികൾ കർശനമാക്കാൻ പൊലീസ് തീരുമാനിച്ചത്. ന്യായമായ ആവശ്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാൻ അനുവദിക്കുകയുള്ളു. സ്വകാര്യ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ സത്യവാങ്മൂലം ഹാജരാക്കിയാൽ മാത്രം യാത്ര തുടരാം. ഇല്ലെങ്കിൽ തിരിച്ചയക്കും. യൂണിഫോമിലുള്ള ഫുഡ് ഡെലിവറി ജീവനക്കാരെയും സ്വകാര്യ സുരക്ഷ ജീവനക്കാരെയും പെട്രോൾ പമ്പിലെ ജീവനക്കാരെയും പൊലീസ് പാസ് ലഭിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവർക്ക് സ്ഥാപനങ്ങളുടെ തിരിച്ചറിയൽ കാർഡ് കാണിച്ചു യാത്ര ചെയ്യാം. ലോക് ഡൗൺ നിർേദശങ്ങൾ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്താകെ 1751 കേസുകളാണ് രജിസ്റ്റർ ചെയ്തതിൽ ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്തത് കോഴിക്കോടാണ്. 351 കേസുകളാണ് രജിസ്റ്റർ ചെയ്തത്.

ഇടുക്കിയിൽ 214ഉം കോട്ടയത്ത് 208 ഉം തിരുവനന്തപുരത്ത് 204 കേസുകളും രജിസ്റ്റർ ചെയ്തു. കാസർഗോഡ് 10 കേസുകൾ മാത്രമാണെടുത്തത്. സംസ്ഥാനത്താകെ അഞ്ഞൂറിലധികം വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പൊലീസ് നടപടികൾ ഏകോപിപ്പിക്കാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി ഷെയ്ഖ് ദർവേഷ് സഹേബിനെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തി. ആഭ്യന്തര വകുപ്പ് നോഡൽ ഓഫീസറായി ജോയിൻ സെക്രട്ടറി അജിത് കെ ജോസഫിനെയും നിയമിച്ചു.

 

lock down, police

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top