കൊറോണയെ നേരിടാൻ വോയ്സ് ടെസ്റ്റ് ടെക്നോളജിയുമായി ഇസ്രയേൽ

കൊറോണയെ നേരിടാൻ വോയ്സ് ടെസ്റ്റ് ടെക്നോളജിയുമായി ഇസ്രയേൽ. ആളുകളിൽ കൊവിഡ് 19 ലക്ഷണങ്ങൾ കണ്ടെത്താനും പരിശോധിക്കാനും ചികിത്സയ്ക്കുമായി കൊറോണ രോഗികളുടെ ശബ്ദ വിശകലനം രേഖപ്പെടുത്തിയ വോക്കൽ ഫിംഗർ പ്രിന്റ് ഉപയോഗപ്പെടുത്താമെന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രാലയം അറിയിക്കുന്നത്.

ഇതിന്റെ ഭാഗമായി ഈ ആഴ്ച്ച മുതൽ ഒരു മൊബൈൽ ആപ്ലിക്കേഷൻ വഴി കൊറോണ സ്ഥിരീകരിച്ച രോഗികളുടെ ശബ്ദ സാംപിളുകൾ ശേഖരിക്കും. രോഗികളുടെ വോക്കൽ ഫിംഗർപ്രിന്റ് തിരിച്ചറിയുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്( എ ഐ) അടിസ്ഥാനമാക്കിയുള്ള അൽഗോരിതം ഉപയോഗിച്ച് ഈ ശബ്ദ സാംപിളുകൾ വിശകലനം ചെയ്യും. ആശുപത്രികളുമായും അകാദമിക് സ്ഥാപനങ്ങളുമായും സഹകരിച്ചു പ്രവർത്തിക്കുന്ന ഒരു ഇസ്രയേലി സ്റ്റാർട്ട് അപ്പ് കമ്പനി മന്ത്രിലായത്തിന്റെ നേതൃത്വത്തിലുള്ള ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് ഈ പ്രവർത്തനങ്ങൾ നടത്തുന്നത്. ആറാഴ്ച്ചയ്ക്കുള്ളിൽ പഠനത്തിന്റെ ആദ്യഫലങ്ങൾ പുറത്തുവരുമെന്നാണ് കരുതുന്നത്.

രോഗികളായവരുടെ ശ്വസനവ്യവസ്ഥയെ കൊറോണ വൈറസ് ബാധിക്കുകയും രോഗത്തിന്റെ അടയാളങ്ങൾ വ്യക്തിയുടെ ശബ്ദത്തിന്റെയും ശ്വസനത്തിന്റെയും രീതികളിൽ പ്രതിഫലിക്കുകയും ചെയ്യും. വിദൂര രോഗനിർണയത്തിനും നിരീക്ഷണത്തിനുമായി അൽഗോരിതം ഉപയോഗിക്കാമെന്നും മൊബൈൽ ആപ്പ് വികസിപ്പിച്ച വോക്കലിസ് ഹെൽത്ത് കമ്പനിയുടെ പ്രസിഡന്റും സിഇഒയുമായ ടാൽ വെൻഡറോ പറഞ്ഞു.

ഭാവിയിലെ പരിശോധനയ്ക്കും ആശുപത്രികളുടെ ആവശ്യത്തിനും മുൻഗണന നൽകുന്നതിന് ആരോഗ്യസംരക്ഷണ സംവിധാനങ്ങൾക്ക് ഡേറ്റ ഉപയോഗിക്കാൻ കഴിയുമെന്നും ഗവേഷകർ പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്. രോഗം പടരാതിരിക്കനും ദേശീയ ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ അമിതഭാരം തടയാനും മോണിറ്ററിംഗ് സംവിധാനം വിദൂരത്തു നിന്നും നടത്താൻ കഴിയുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നിലവിലെ ഘട്ടത്തിൽ പഠനത്തിന്റെ ഭാഗമാകുന്ന രോഗികൾക്കൊപ്പം മെഡിക്കൽ സ്റ്റാഫ് മാത്രമേ ആപ്ലിക്കേഷൻ ഉപയോഗിക്കൂ. അതേസമയം കമ്പനിയുടെ വെബ്സൈറ്റ് ആർക്കും സന്ദർശിക്കാനും ഗവേഷകർക്ക് വോയ്സ് സാംപിൾ അയക്കാനും അനുവാദമുണ്ട്.

Story highlight: Israel, voice test technology , corona

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top