കൊവിഡ് 19: സഹായവുമായി പാക് ക്രിക്കറ്റ് താരങ്ങൾ

കൊവിഡ് 19 വൈറസ് വ്യാപനത്തിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായവുമായി പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾ. സർക്കാർ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയാണ് പാക് താരങ്ങൾ സംഭാവന നൽകിയത്. ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങളും നേരത്തെ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായം നൽകിയിരുന്നു.

പിസിബി താരങ്ങളിൽ നിന്ന് പണം സ്വരൂപിച്ച് സർക്കാരിൻ്റെ ദുരിതാശ്വാസ നിധിയിൽ നിക്ഷേപിക്കുമെന്ന് പാക്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ തലവന്‍ എഹ്‌സാന്‍ മാനി പറഞ്ഞു. രാജ്യത്ത് പ്രതിസന്ധി ഉണ്ടാവുമ്പോൾ പാക് ക്രിക്കറ്റ് ബോർഡ് എല്ലായ്പ്പോഴും രാജ്യത്തിനൊപ്പം നിന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ കറാച്ചി സ്റ്റേഡിയത്തിലെ ഒരു ഭാഗം കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പാരമെഡിക്കൽ സ്റ്റാഫുകൾക്കായി പിസിബി വിട്ടുനൽകിയിരുന്നു. പാകിസ്താനിൽ 1000 പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നേരത്തെ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾ തങ്ങളുടെ മാസ ശമ്പളത്തിൻ്റെ പകുതിയാണ് കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകിയത്. തങ്ങളുടെ മാസ ശമ്പളത്തിൻ്റെ പാതി കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് നൽകാമെന്നറിയിച്ച് 27 താരങ്ങളാണ് മുന്നോട്ടുവന്നിരിക്കുന്നത്. മുപ്പത് ലക്ഷത്തി പതിനയ്യായിരം ബംഗ്ലാദേശി ടാക്കയാണ് താരങ്ങളെല്ലാവരും കൂടി കൊറോണ ബാധിതരെ സഹായിക്കാൻ നൽകുക.

2000 കുടുംബങ്ങള്‍ക്ക്‌ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്‌ത്‌ പാക്‌ മുന്‍ താരം ഷാഹിദ്‌ അഫ്രീദിയും മാതൃക കാട്ടി. ഷാഹിദ്‌ അഫ്രീദി ഫൗണ്ടേഷന്‍ വഴിയാണ്‌ റേഷന്‍ വിതരണം ചെയ്യുന്നത്‌.

Story Highlights: Pakistan cricketers to donate Rs 5 million to govt emergency fund for Covid-19 pandemic

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top