കൊറോണ ബാധിച്ച് കർണാടക സ്വദേശി മരിച്ചു; രാജ്യത്ത് 24 മണിക്കൂറിനിടെ മരിച്ചത് ആറ് പേർ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇതുവരെ പതിനാറ് പേരാണ് കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത്. കർണാടക സ്വദേശിയുടേതാണ് ഒടുവിൽ റിപ്പോർട്ട് ചെയ്ത മരണം.

ഗുജറാത്തിലെ അഹമ്മദാബാദിൽ എൺപത്തിയഞ്ചുകാരിയും ഭവ്‌നഗറിൽ എഴുപതുകാരനുമാണ് നേരത്തെ മരിച്ചത്. ഇതോടെ ഗുജറാത്തിലെ മരണസംഖ്യ മൂന്നായി ഉയർന്നു. പുതിയ നാല് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രോഗബാധിതരുടെ എണ്ണം 43 ആയി. ശ്രീനഗറിൽ അറുപത്തിയഞ്ചുകാരൻ മരിച്ചു. ഗോവയിൽ ആദ്യമായി പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. അമേരിക്ക, സ്‌പെയിൻ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ യാത്ര ചെയ്തവർക്കാണ് രോഗം സ്ഥിരീകരിച്ചത്. മധ്യപ്രദേശിലെ ഇൻഡോറിൽ കൊവിഡ് സംശയിക്കുന്നയാൾ മരിച്ചു. പരിശോധനാഫലം കാത്തിരിക്കുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇൻഡോറിൽ തന്നെ അഞ്ച് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപതായി.

ഉത്തർപ്രദേശിൽ നാല് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇവിടെ കൊവിഡ് ബാധിതരുടെ എണ്ണം 42 ആയി. കർണാടകയിലെ ഉഡുപ്പിയിൽ അൻപത്തിയാറുകാരൻ ആത്മഹത്യ ചെയ്തു. കൊവിഡ് ബാധിതനിൽ നിന്ന് രോഗം പകർന്നോയെന്ന് സംശയിച്ചാണ് ആത്മഹത്യ. ഛത്തീസ്ഗഡിൽ ഇതുവരെ ആറ് പേർക്കും പശ്ചിമബംഗാളിൽ പത്ത് പേർക്കും രോഗം സ്ഥിരീകരിച്ചു. രാജസ്ഥാനിൽ രണ്ട് പേർ കൂടി രോഗബാധിതരായതോടെ എണ്ണം മുപ്പത്തിയെട്ട് കടന്നു. തെലങ്കാനയിൽ കൊവിഡ് ബാധിതരുടെ സംഖ്യ നാൽപ്പത്തിയൊന്നായി.

Story Highlights- coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top