കൊവിഡ് 19; ചികിത്സക്കായി ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഉപയോഗിക്കാനൊരുങ്ങി ബഹ്‌റൈൻ

കൊവിഡ് 19 ഐസോലേഷനും ചികിത്സയ്ക്കും വിപുലമായ സജ്ജീകരണങ്ങളൊരുക്കി ബഹ്‌റൈൻ. പരിശോധനാ ഫലം ഓൺലൈനിൽ ലഭിക്കാനായി സംവിധാനം ഒരുക്കും. ചികിത്സക്കായി ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഉപയോഗിക്കുന്ന ആദ്യ രാജ്യങ്ങളിലൊന്നാണ് ബഹ്‌റൈൻ.

കൊവിഡ് 19 ചികിത്സയ്ക്കും നിരീക്ഷണത്തിനുമായി വിപുലമായ സൗകര്യങ്ങളാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി ഫൈഗ- ബിൻ- സൈദ്-അസ്ലാഹി പറഞ്ഞു. രോഗം സ്തിരീകരിക്കുന്നവർക്ക് ഐസോലേഷൻ ചികിത്സ എന്നിവയ്ക്കായി 1667 കിടക്കകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിൽ 249 കിടക്കകളിൽ നിലവിൽ രോഗികളുണ്ട്.

പ്രാഥമിക ക്വാറന്റീൻ സെന്ററുകളും 2504 കിടക്കകളാണ് ഒരുക്കിയിരിക്കുന്നത്. കൊവിഡ് 19 പരിശോധന നടത്തിയവർക്ക് തങ്ങളുടെ പരിശോധനാഫലം ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ ലഭ്യമാകും. കൊറോണ വൈറസ് ടെസ്റ്റ് റിസൾട്ട് ഇ സർവീസ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. സിപിആർ നമ്പർ ഉൾപ്പെടെ വിവരങ്ങൾ നൽകിയാൽ വെബ്‌സൈറ്റിൽ പലം ലഭിക്കും. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നിർദേശങ്ങളും ഇതിലൂടെ ലഭിക്കും. ഏറ്റവും വേഗത്തിൽ ഫലം ലഭ്യമാക്കി ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനാണ് ഇതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

പകർച്ചവ്യാധികൾ നേരിടുന്നതിൽ മൂന്ന് ഘട്ടങ്ങളാണ് രാജ്യങ്ങൾക്ക് നേരിടേണ്ടി വരികയെന്ന് ബി.ഡി.എഫ് ഹോസ്പിറ്റലിലെ സാംക്രമികരോഗ വിദഗ്ധനും നാഷനൽ ടാസ്‌ക്‌ഫോഴ്‌സ് അംഗവുമായി ലഫ്. കേണൽ മനാഫ് അൽ ഖത്താനി പറഞ്ഞു. നിയന്ത്രണ വിധേയമാക്കുക, ലഘൂകരിക്കുക, അമർച്ച ചെയ്യൽ എന്നിവയാണ് ഈ ഘട്ടങ്ങൾ. ബഹ്‌റൈൻ ഇപ്പോൾ രണ്ടാം ഘട്ടത്തിലാണ്.

സാമൂഹിക അകലം പാലിക്കുക, അഞ്ച് പേരിൽ കൂടുതൽ ഒത്തുചേരാൻ പാടില്ല തുടങ്ങിയ നിർദേശങ്ങൾ എല്ലാവരും പാലിക്കുന്നതുവഴി ഈ വെല്ലുവിളി തരണം ചെയ്യാൻ കഴിയും. ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയ 444 എന്ന ഹോട്‌ലൈനിൽ ദിവസവും 6000ഓളം കോളുകളാണ് എത്തുന്നത്. കോളുകൾ കൈകാര്യം ചെയ്യാൻ 24 മണിക്കൂറും ടീം സജ്ജമാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടലും ജനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം നിർദേശിച്ചു.

വിജയമെന്ന് രാജ്യങ്ങളുടെ അനുഭവങ്ങളിലുടെ തെളിഞ്ഞ ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഉപയോഗിക്കാൻ തെരഞ്ഞെടുക്കപ്പെട്ട ആദ്യ രാജ്യങ്ങളിലൊന്നാണ് ബഹ്‌റൈൻ എന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിലെ സാംക്രമിക രോഗ കൺസൾട്ടൻറ് ഡോ. ജമീല അൽ സൽമാൻ വ്യക്തമാക്കി. രോഗ ലക്ഷണങ്ങൾ കുറക്കാനും ആരോഗ്യനില മെച്ചപ്പെടുത്താനും ഈ മരുന്ന് സഹായിച്ചുവെന്നുംഅവർ കൂട്ടിച്ചേർത്തു.

Story highlight: Covid 19, Bahrain ready to use, hydroxy chloroquine for treatment

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top