ബ്രിട്ടനിൽ പ്രധാനമന്ത്രിക്ക് പിറകെ ഹെൽത്ത് സെക്രട്ടറിക്കും കൊവിഡ്

ബ്രിട്ടന്റെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹിൻകോക്കിനും കൊവിഡ് 19. പ്രധാനമന്ത്രി ബോറിസ് ജോൺസണ് കൊറോണ ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഹെൽത്ത് സെക്രട്ടറിക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ബ്രിട്ടനിലെ ഭരണനേതൃത്വം ആശങ്കയിലാണ്. പ്രധാനമന്ത്രിയുമായും ഹെൽത്ത് സെക്രട്ടറിയുമായും നിരവധി പേർ ദിവസവും സമ്പർക്കത്തിലേർപ്പെട്ടിരുന്നു. ബോറിസ് ജോൺസണ് കൊവിഡ് സ്ഥിരീകരിച്ചതോടെ ഗർഭിണിയായ ജിവിതപങ്കാളി കാരി സിമൺഡ്‌സിനെ വീട്ടിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ട്. ഡൗണിംഗ് സ്ട്രീറ്റിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിന്ന് മറ്റൊരിടത്തേക്കാണ് കാരി സിമൺഡ്‌സിനെ മാറ്റിയത്. ഡൗണിംഗ് സ്ട്രീറ്റിലെ 11ാം അപാർട്ട്‌മെന്റിൽ ഐസൊലേഷനിൽ കഴിയുന്ന പ്രധാനമന്ത്രി ബോറിസ് ജോൺസന് ഭക്ഷണം വാതിൽക്കൽ എത്തിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.

Read Also: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കൊവിഡ് 19 സ്ഥിരീകരിച്ചു

ചാൻസലർ ഋഷി സുനാക്, വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് തുടങ്ങിയ സീനിയർ കാബിനറ്റ് മന്ത്രിമാർ പ്രധാനമന്ത്രിയുമായി ചർച്ചകളിലേർപ്പെടുകയും മണിക്കൂറുകളോളം അടുത്തിടപഴകുകയും ചെയ്തിരുന്നു. ഇവർക്കാർക്കും ഇപ്പോൾ രോഗലക്ഷണങ്ങൾ ഇല്ല. എന്നാലും പരിശോധനകൾക്ക് ഇവരെ വിധേയരാക്കും. മറ്റുള്ളവരുമായി പരമാവധി സമ്പർക്കം ഒഴിവാക്കാനും ഇവർക്ക് നിർദേശം കൊടുത്തിരുന്നു. ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള നിരവധി എംപിമാരും പ്രധാനമന്ത്രിയുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുള്ളവരാണ്.

കൊവിഡ് സ്ഥിരീകരിച്ചതായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ വെളിപ്പെടുത്തിയതിന് പിറകെ അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് ഓഫിസിൽ നിന്ന് ഇറങ്ങിയോടി. മുതിർന്ന ഉപദേഷ്ടാവായ ഡൊമിനിക് കമ്മിംഗ്‌സ് തോളിൽ സഞ്ചി തൂക്കി ഇറങ്ങിയോടുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രധാനമന്ത്രി വിട്ടുനിൽക്കേണ്ട സാഹചര്യമുണ്ടായാൽ വിദേശകാര്യ മന്ത്രി ഡൊമിനിക് റാബിന് ചുമതല നൽകുമെന്നാണ് വിവരം.

 

health secretary got covid in brition. coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top