മലപ്പുറത്ത് നിരോധനാജ്ഞ ലംഘിച്ച് പൊലീസുകാരുടെ പന്തുകളി; വീഡിയോ പകർത്തിയ പഞ്ചായത്തംഗത്തിന് മർദനം

മലപ്പുറം കോഴിച്ചന ആർആർആർഎഫ് മൈതാനത്ത് നിരോധനാജ്ഞ ലംഘിച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ ഫുട്‌ബോൾ കളി. സംഭവം ചോദ്യം ചെയ്ത ഗ്രാമപഞ്ചായത്ത് അംഗത്തിന് പൊലീസ് മർദിച്ചതായി പരാതി. തെന്നല ഗ്രാമ പഞ്ചായത്തംഗം മുഹമ്മദ് സുഹൈലിനാണ് മർദനമേറ്റത്. ഇയാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിരോധനാജ്ഞ നിലനിൽക്കുന്ന മലപ്പുറം ജില്ലയിൽ പൊലീസുകാർ കൂട്ടത്തോടെ ഫുട്‌ബോൾ കളിക്കുന്ന ദൃശ്യങ്ങളാണ് തെന്നല ഗ്രാമപഞ്ചായത്ത് അംഗം മുഹമ്മദ് സുഹൈൽ ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ടത്. ഇന്ന് വൈകുന്നേരം കോഴിച്ചന ആർആർആർഎഫ് മൈതാനത്തായിരുന്നു പൊലീസുകാരുടെ പന്തുകളി. ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ പുറകിൽ നിൽക്കുകയായിരുന്ന ഏതാനും പൊലീസ് ഉദ്യോഗസ്ഥർ ഫോൺ തട്ടിപ്പറിച്ചെന്നും മർദിച്ചെന്നുമാണ് ആരോപണം.

സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവി റിപ്പോർട്ട് തേടി. രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് ആർആർആർഎഫ് കമാൻഡന്റ് യു ഷറഫലിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top