ധോണി ഉടൻ വിരമിച്ചേക്കുമെന്ന് സൂചന

മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി ഉടൻ വിരമിച്ചേക്കുമെന്ന് സൂചന. ഇക്കാര്യത്തിൽ അദ്ദേഹം തീരുമാനം എടുത്തു എന്നും സുഹൃത്തുക്കളുമായി വിഷയം ചർച്ച ചെയ്തു കഴിഞ്ഞെന്നും സ്പോർട്സ്കീഡ റിപ്പോർട്ട് ചെയ്യുന്നു. ഉടൻ തന്നെ ഇക്കാര്യം ബിസിസിഐയെ അദ്ദേഹം അറിയിക്കുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
2020 ഐപിഎല്ലിൻ്റെ ഭാവിയെപ്പറ്റി അറിയാൻ ധോണി കാത്തിരിക്കുകയാണെന്നാണ് വിവരം. “ഔദ്യോഗികമായി അദ്ദേഹം ബിസിസിഐയോട് ഒന്നും പറഞ്ഞിട്ടില്ല. പക്ഷേ, അടുത്ത സുഹൃത്തുക്കളോട് അദ്ദേഹം ഇക്കാര്യം സംസാരിച്ചു. കൃത്യസമയത്ത് അദ്ദേഹം അത് വെളിപ്പെടുത്തും. 2020 ഐപിഎൽ ഇല്ലായിരുന്നെങ്കിൽ അദ്ദേഹം വളരെ മുൻപ് വിരമിച്ചേനെ”- സ്പോർട്സ്കീഡ പറയുന്നു.
ഐപിഎല്ലിനു മുൻപായി ധോണി ചെന്നൈ സൂപ്പർ കിംഗ്സ് ടീമിനൊപ്പം പരിശീലനം നടത്തിയിരുന്നു. കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ട്രെയിനിംഗ് ക്യാമ്പ് അടച്ച് കളിക്കാർ തിരികെ പോയി. ഇവരോടൊപ്പം തിരികെ പോയ ധോണി ഇപ്പോൾ റാഞ്ചിയിലെ വീട്ടിലാണ്.
അതേ സമയം, ഐപിഎൽ റദ്ദാക്കിയാലും ധോണിക്ക് ടി-20 ലോകകപ്പ് ടീമിൽ ഇടം ലഭിക്കുമെന്ന് അദ്ദേഹത്തിൻ്റെ ബാല്യകാല പരിശീലകൻ കേശവ് രഞ്ജൻ ബാനർജി പറഞ്ഞിരുന്നു. കൊവിഡ് 19 വൈറസ് ബാധയെ തുടർന്ന് ഏപ്രിൽ 15ലേക്ക് മാറ്റിയ ഐപിഎൽ രാജ്യത്തെ വഷളാവുന്ന സ്ഥിതി പരിഗണിച്ച് റദ്ദാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ ഉയരുന്നുണ്ട്. ഇതിനിടെയാണ് ധോണിയുടെ പഴയ പരിശീലകൻ്റെ പ്രതികരണം.
കഴിഞ്ഞ ജൂലായിൽ ന്യൂസിലൻഡിനെതിരെ നടന്ന ലോകകപ്പ് സെമിഫൈനലിലാണ് ധോണി അവസാനമായി കളിച്ചത്. ക്രിക്കറ്റില്‍ നിന്ന് താത്കാലികമായി അവധിയെടുക്കുന്നു എന്ന് വ്യക്തമാക്കിയാണ് അതിനു ശേഷം ധോണി വിട്ടുനിന്നത്. സൈനിക സേവനത്തിനു പോയ ധോണി പിന്നെ ഒരു മത്സരം പോലും കളിച്ചിട്ടില്ല. ധോണിയെ ഇനി പരിഗണിക്കില്ലെന്ന് സെലക്ടർമാർ വ്യക്തമാക്കിയിരുന്നു.
Story Highlights: dhoni may retire soon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here