ലോക്ക്ഡൗണ്‍ : മാനസികപിരിമുറുക്കം ദന്താരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവാറുണ്ടോ ?

ലോക്ക്ഡൗണ്‍ കാലത്ത് സംഭവിക്കുന്ന അമിതമായ മാനസികപിരിമുറുക്കം മറ്റു പല ശാരീരികപ്രശ്‌നങ്ങളിലേയ്ക്കും നയിക്കുന്നത് പോലെ ദന്താരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാവാറുണ്ട്. മാനസിക സമ്മര്‍ദം കാരണമുണ്ടാവുന്ന പ്രധാന ദന്താരോഗ്യപ്രശ്‌നങ്ങളും അവയുടെ പരിഹാരങ്ങളുമാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്.
1. പല്ലിറുമ്മല്‍
ഉറക്കവൈകല്യങ്ങളുള്ളവര്‍ക്കും മാനസിക സമ്മര്‍ദം ഏറെയുള്ളവരിലും ഈ ശീലം കൂടുതലാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പല്ലിന്റെ അറ്റത്ത് കാണുന്ന തേയ്മാനം പിന്നീട് അമിതമായ പല്ല് പുളിപ്പിലേയ്ക്കും നയിക്കും
2. വായ്പ്പുണ്ണ്
മാനസിക സമ്മര്‍ദം കാരണം പലപ്പോഴുമുണ്ടാകുന്ന മറ്റൊരു പ്രശ്‌നമാണ് വായ്പ്പുണ്ണ്. വായില്‍ നാവ്, കവിളിന്റെ ഉള്‍ഭാഗം, മോണ തുടങ്ങിയവയിലെ ശ്ലേഷ്മസ്തരത്തെ ബാധിക്കുന്ന ഈ അവസ്ഥ വളരെ വേദനയുണ്ടാക്കുന്നതാണ്. ഒറ്റയ്‌ക്കോ കൂട്ടമായിട്ടോ ഇത് പ്രത്യക്ഷപ്പെടാറുണ്ട്. ഇത് 10-14 ദിവസം വരെ നീണ്ടു നില്‍ക്കാറുണ്ട്.
3. വരണ്ടുണങ്ങിയ വായ
ഉത്കണ്ഠ കാരണം വായിലെ ഉമിനീര്‍ കുറയുന്നത് കാരണമാണിത് സംഭവിക്കുന്നത്. ഇത് കാരണം വായില്‍ എരിച്ചിലും പുകച്ചിലും ഉണ്ടാവാനും കാരണമാവുന്നു. ആര്‍ത്തവ വിരാമം കഴിഞ്ഞ സ്ത്രീകളിലും പ്രമേഹരോഗികളിലും ഈ അവസ്ഥയ്ക്ക് തീവ്രതയേറുന്നു. ഉമിനീര്‍ കുറയുന്നത് കാരണം ദന്തക്ഷയത്തിന്റെ തോതും കൂടാന്‍ കാരണമാവുന്നു.അതു പോലെ തന്നെ വായ്‌നാറ്റത്തിനും ഈ വായിലെ വരള്‍ച്ച കാരണമാവുന്നു
4. താടിയെല്ല് സന്ധിയിലെ വേദന
മാനസികപിരിമുറുക്കം കാരണമുണ്ടാവുന്ന മറ്റൊരു പ്രശ്‌നമാണ് താടിയെല്ല് സന്ധിയിലെ വേദന. പല്ലിറുമ്മലും ഈ പ്രക്രിയയ്ക്ക് ആക്കം കൂട്ടുന്നു.പലപ്പോഴും ഈ താടിയെല്ല് സന്ധിയിലെ പ്രശ്‌നങ്ങള്‍ ചികിത്സിച്ചില്ലെങ്കില്‍ തലവേദന, കഴുത്തു വേദന, തോള്‍വേദന തുടങ്ങിയ മറ്റ് പ്രശ്‌നങ്ങളിലേയ്ക്ക് വഴിവയ്ക്കാറുണ്ട്
5. മോണരോഗം
മാനസികസമ്മര്‍ദം രോഗപ്രതിരോധശേഷി കുറയ്ക്കുന്നത് കാരണം അണുബാധയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്.മാനസികസമ്മര്‍ദ്ദമുളളവരില്‍ മോണരോഗം വര്‍ദ്ധിക്കുന്നു എന്ന് മിഷിഗന്‍ സര്‍വകലാശാല, നോര്‍ത്ത് കരോലിന സര്‍വകലാശാല എന്നിവിടങ്ങളില്‍ നടത്തിയ പഠനങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
പരിഹാരമാര്‍ഗങ്ങള്‍.
1. മാനസിക സമ്മര്‍ദം കുറയ്ക്കാനായി ഉല്ലാസദായകമായ പ്രവര്‍ത്തികള്‍ ചെയ്യുക.പാട്ട് കേള്‍ക്കുക, പുസ്തകം വായിക്കുക, സൗഹൃദ സംഭാഷണങ്ങളിലേര്‍പ്പെടുക. ആവശ്യമെങ്കില്‍ ഒരു മനശാസ്ത്രവിദഗ്ധന്റെ ഉപദേശം തേടാം.
2. രോഗ പ്രതിരോധ ശേഷി കൂട്ടാനായി വ്യായാമം, സമീകൃത ആഹാരം എന്നിവ ശീലമാക്കുക
3. ആറു മുതല്‍ എട്ട് മണിക്കൂര്‍ നേരം നന്നായി ഉറങ്ങുക.
4. രണ്ടു നേരം മൂന്ന് മിനിറ്റ് വീതം ബ്രഷ് ചെയ്ത് ദന്തശുചിത്വം നന്നായി പാലിക്കുക.
5. ധാരാളം വെള്ളം കുടിക്കുന്നത് നിര്‍ജലീകരണവും അതു കാരണമുണ്ടാകുന്ന വായ്‌നാറ്റവും ഒഴിവാക്കാന്‍ സഹായിക്കും
6. നിങ്ങളുടെ ദന്താരോഗ്യ പ്രശ്‌നങ്ങള്‍ യഥാസമയം നിങ്ങളുടെ ദന്തഡോക്ടറോട് പറയുക
7. പുകവലി ഒഴിവാക്കുക
8. പല്ലിന്റെ ഇടയിലുള്ള ഭക്ഷണാവശിഷ്ടങ്ങള്‍ യഥാവിധി പല്ലിട ശുചീകരണ ഉപാധികള്‍ ഉപയോഗിച്ച് നീക്കം ചെയ്യുക
9. വായ്പ്പുണ്ണ് അസഹ്യമെങ്കില്‍ ദന്തഡോക്ടറുടെ നിര്‍ദേശപ്രകാരം പുറമെ പുരട്ടുന്ന ലേപനങ്ങളും ആവശ്യമെങ്കില്‍ വിറ്റാമിന്‍ ഗുളികകളും കഴിക്കാം
10. പ്രമേഹം പോലുള്ള അസുഖങ്ങള്‍ ഉള്ളവര്‍ മരുന്നുകള്‍ യഥാസമയം മുടങ്ങാതെ കഴിക്കുക.
ഡോ. ജിആര്‍ മണികണ്ഠന്‍
കണ്‍വീനര്‍, കൗണ്‍സില്‍ ഫോര്‍ ഡെന്റല്‍ ഹെല്‍ത്ത് & അവെര്‍നെസ്
ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ തിരുവനന്തപുരം
Story Highlights- Lockdown, mental illness, dental problems
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here