ശക്തിമാൻ വീണ്ടും എത്തുന്നു; രണ്ടാം ഭാഗം ഉൾപ്പെടെ സംപ്രേഷണം ചെയ്യുമെന്ന് സൂചന

 

ഇന്ത്യയുടെ ആദ്യത്തെ സൂപ്പർ ഹീറോ ശക്തിമാൻ വീണ്ടും ഇന്ത്യക്കാരുടെ സ്വീകരണ മുറിയിലേക്ക്. പരമ്പരയിൽ ശക്തിമാനായി വേഷമിട്ട ബോളിവുഡ് നടൻ മുകേഷ് ഖന്നയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പഴയ എപ്പിസോഡുകൾ പുന:സംപ്രേഷണം ചെയ്യുന്നതിനൊപ്പം രണ്ടാം ഭാഗവും ഇതിനൊപ്പം ഉണ്ടാവുമെന്നാണ് സൂചന. ബോംബെ ടൈംസിനു നൽകിയ അഭിമുഖത്തിലാണ് മുകേഷ് ഖന്ന മനസ്സു തുറന്നത്. ഇക്കാര്യം തൻ്റെ ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹം സ്ഥിരീകരിക്കുകയും ചെയ്തു.

“കഴിഞ്ഞ മൂന്ന് വർഷമായി ശക്തിമാണ് രണ്ടാം ഭാഗം കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു. പുതിയ രീതിയിൽ, നമ്മുടെ മൂല്യങ്ങൾ മുറുകെ പിടിച്ചു കൊണ്ടുള്ള ഒരു ശക്തിമാനാവും അത്. പ്രേക്ഷകർ രണ്ടാം ഭാഗത്തിന് ആവശപ്പെടുന്നുണ്ട്. ശക്തിമാൻ പുന:സംപ്രേഷണം ചെയ്യണമെന്ന് ആരാധകർ ആവശ്യപ്പെടുന്നുണ്ട്. വൈറസ് ബാധ ഒഴിഞ്ഞ് തിരികെ ജീവിതം പഴയ നിലയിലാകുമ്പോൾ രണ്ടാം ഭാഗം സംപ്രേഷണം ചെയ്യുകയുമാവാം”- അദ്ദേഹം പറഞ്ഞു.

1997 മുതൽ 2005 വരെ ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർ ഹീറോ പരമ്പരയാണ് ശക്തിമാൻ. മുകേഷ് ഖന്ന ശക്തിമാനായും ശക്തിമാൻ്റെ ആൾട്ടർ ഈഗോ ഗംഗാധർ ആയും വേഷമിട്ട പരമ്പര അദ്ദേഹം തന്നെയാണ് നിർമ്മിച്ചത്. പഞ്ചഭൂതങ്ങളിൽ നിന്നുള്ള അമാനുഷിക ശക്തികളാണ് ശക്തിമാന് ഉണ്ടായിരുന്നത്. 1997 സെപ്തംബർ 13ന് സംപ്രേഷണം ആരംഭിച്ച ശക്തിമാൻ 2005 മാർച്ച്27നാണ് അവസാനിക്കുന്നത്. 520 എപ്പിസോഡുകളാണ് ഉണ്ടായിരുന്നത്. പോഗോ, സ്റ്റാർ ഉത്സവ് അടക്കം മറ്റു പല ചാനലുകളിലായി പല ഭാഷകളിൽ ശക്തിമാൻ പുന:സംപ്രേഷണം ചെയ്തിട്ടുണ്ട്. കോമിക്ക് ബുക്കുകളും സിനിമകളും അനിമേറ്റഡ് സീരീസുകളുമടക്കം പലതവണ ശക്തിമാൻ വീണ്ടും പ്രേക്ഷകരിലേക്ക് എത്തിയിട്ടുണ്ട്.

നേരത്തെ ഷാരൂഖ് ഖാൻ നായകനായ സർക്കസ്, രജിത് കപൂർ നായകനായ ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി, ഇതിഹാസ സീരിയലായ രാമായണം എന്നിവയൊക്കെ ദൂരദർശൻ പുന:സംപ്രേഷനം ചെയ്തിരുന്നു.

Story Highlights: shaktimaan to return with sequel

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top