കേന്ദ്രസർക്കാരും കർണാടക സർക്കാരും അവസരത്തിനൊത്ത് ഉയരണം; റോഡ് അടയ്ക്കലില്‍ ഹൈക്കോടതി

കാസർകോട്ടെ അതിർത്തി റോഡുകൾ മണ്ണിട്ട് അടച്ച കർണാടകയുടെ നടപടിക്കെതിരെ കേരള ഹൈക്കോടതി. മഹാമാരിയെ ചെറുക്കുന്നതിന്റെ പേരിൽ മനുഷ്യ ജീവൻ പൊലിയുന്ന സാഹചര്യമുണ്ടാകരുതെന്ന് കേരള ഹൈക്കോടതി നിരീക്ഷിച്ചു. കേസ് നാളെ വീണ്ടും പരിഗണിക്കും. കേരളത്തിലേക്കുള്ള അതിർത്തികൾ കർണാടക അടച്ചതിനെതിരായ ഹർജി പരിഗണിക്കവേയാണ് ഇപ്പോഴത്തെ അവസ്ഥയിൽ കേന്ദ്രസർക്കാരും കർണാടക സർക്കാരും അവസരത്തിനൊത്ത് ഉയരണമെന്നും മഹാമാരിയെ ചെറുക്കുന്നതിന്റെ പേരിൽ മനുഷ്യ ജീവൻ പൊലിയുന്ന സാഹചര്യമുണ്ടാകരുതെന്നും ഹൈക്കോടതി വിമർശിച്ചത്. പ്രശ്‌നം ഇരുസംസ്ഥാനങ്ങളും രമ്യമായി പരിഹരിക്കണമെന്നും കോടതി വ്യക്തമാക്കി.
അതേസമയം ചരക്കുനീക്കവും ചികിത്സാ സേവനവും അവശ്യ സർവീസാണെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ ബോധിപ്പിച്ചു. ചരക്കുനീക്കത്തിന് മുന്തിയ പരിഗണന നൽകാൻ നിർദേശിച്ചിട്ടുണ്ടെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. അതിർത്തി അടച്ച കർണാടക സർക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്ന് കേരളം ഹൈക്കോടതിയിൽ വാദിച്ചു. രാജ്യത്തെ ദേശീയപാതകളെല്ലാം ദേശീയപാതാ അതോറിറ്റിയുടെ അധികാരപരിധിയിലാണ് വരുന്നത് എന്നിരിക്കേ അന്യായമായി കർണാടക ദേശീയപാത അടച്ചത് അംഗീകരിക്കാനാവില്ലെന്ന് കേരളം ചൂണ്ടിക്കാട്ടി. കേസിൽ നിലപാട് വ്യക്തമാക്കാൻ കർണാടക സർക്കാർ ഹൈക്കോടതിയിൽ ഒരു ദിവസത്തെ സാവകാശം തേടിയിട്ടുണ്ട്. നാളെ വീഡിയോ കോൺഫറൻസിംഗ് വഴിയാകും കേസ് കേൾക്കുക.
കേരള- കർണാടക അതിർത്തിയിൽ പ്രശ്‌നങ്ങൾ തുടരുകയാണ്. തലപ്പടിയിൽ കേരളത്തിൽ നിന്നുള്ള മാധ്യമ പ്രവർത്തകർക്ക് വിലക്കേർപ്പെടുത്തി. മാധ്യമപ്രവർത്തകർ എത്തിയാൽ അറസ്റ്റ് ചെയ്യാനും ഉത്തരവ്.
kerala- karnataka boarder issue, hc criticizes sc and karnataka governments
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here