കൊല്ലത്ത് കൊവിഡ് സ്ഥിരീകരിച്ചത് രണ്ട് സ്ത്രീകൾക്ക്; ഒരാൾ ഗർഭിണി

കൊല്ലത്ത് ഇന്ന് രണ്ട് പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ട് പേരും സ്ത്രീകളാണ്. ഗർഭിണിയും ഇതിൽ ഉൾപ്പെടുന്നു. ഇട്ടിവ മണ്ണൂർ സ്വദേശിനിക്കും പുനലൂർ വാളക്കോട് സ്വദേശിനിക്കുമാണ് കൊല്ലം ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇരുവരുടെയും റൂട്ട് മാപ്പ് ജില്ലാഭരണകൂടം പുറത്തുവിട്ടു. ഇതിൽ മണ്ണൂർ സ്വദേശിനി ഗർഭിണിയാണ്. 27 കാരിയായ ഇവർ മാർച്ച് 20ന് ഭർത്താവുമൊത്ത് ഖത്തറിൽ നിന്നാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയ ഇവർ വീട്ടിൽ നിരീക്ഷണത്തിൽ തുടരുകയായിരുന്നു. മാർച്ച് 24ന് ചുണ്ട പ്രാഥമികാരോഗ്യകേന്ദ്രത്തിൽ സന്ദർശിച്ചതൊഴിച്ചാൽ മറ്റ് സഞ്ചാര ചരിത്രങ്ങൾ ഇല്ല. ആശുപത്രി സന്ദർശിച്ചത് തിരക്കില്ലാത്ത സമയത്തായിരുന്നു. ഇവരെയും വീട്ടിൽ ഉള്ള നാല് പേരെയും പാരിപ്പള്ളി മെഡിക്കൽ കോളജിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർ, ഹെൽത്ത് ഇൻസ്‌പെക്ടർ , ഇവരുടെ ബന്ധു കൂടിയായ പ്രദേശത്തെ മെമ്പർ എന്നിവരോടും നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്.
Read Also: കൊവിഡ്; ജനങ്ങൾക്ക് വേണ്ടി കേന്ദ്രം പൊതുമിനിമം ആശ്വാസ പരിപാടി തയാറാക്കണം എന്ന് കോൺഗ്രസ്
പുനലൂർ വാളക്കോട് രോഗം സ്ഥിരീകരിച്ചത് തബ്‌ലീഗ് സമ്മേളനം കഴിഞ്ഞ് മടങ്ങിയെത്തിയ സ്ത്രീക്കാണ്. ഇവരും ഭർത്താവും ഒന്നിച്ച് ആയിരുന്നു സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയത്. മാർച്ച് 23ന് നാട്ടിലെത്തിയ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ തുടരുകയായിരുന്നു. ഇവരെയും ഭർത്താവിനെയും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നിന്ന് ഇവരെ വീട്ടിൽ എത്തിച്ച കാർ ഡ്രൈവറെയും സഹായിയെയും വീട്ടിൽ നിരീക്ഷണത്തിലാക്കി.
coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here