ലോക്ക് ഡൗൺ കാലത്ത് ജനിച്ച ഇരട്ടകൾക്ക് പേരിട്ടു… കൊവിഡും കൊറോണയും !!

കൊറോണ വൈറസ് അല്ലെങ്കിൽ കൊവിഡ് ലോകത്തെ വിറപ്പിക്കുകയാണ്. ഇതേ സമയം ജനിച്ച തങ്ങളുടെ ഇരട്ടക്കുട്ടികൾക്ക് മാതാപിതാക്കൾ ഇട്ട പേരോ… കൊവിഡും കൊറോണയും! ഈ രണ്ട് പേരും മറ്റുവരിൽ അൽപം ഞെട്ടൽ സൃഷ്ടിക്കുമെങ്കിലും ലോക്ക് ഡൗണിൽ തങ്ങൾ അനുഭവിച്ച ബുദ്ധിമുട്ടുകൾക്കും കഷ്ടപ്പാടുകൾക്കും ഓർമയായിട്ടാണ് ഈ പേരുകള്‍ മക്കൾക്ക് മാതാപിതാക്കൾ തെരഞ്ഞെടുത്തത്. സംഭവം നടന്നത് ഛത്തീസ്ഗഡിലെ റായ്പൂരിലാണ്. കഴിഞ്ഞ മാസം 26ന് അർദ്ധരാത്രിയിലാണ് കൊറോണയുടെയും കൊവിഡിന്റെയും ജനനം. ലോക്ക് ഡൗണിൽ, എല്ലാവരും ദുരിതം അനുഭവിക്കുമ്പോൾ ജനിച്ചതിനാലാണ് കുട്ടികൾക്ക് ഈ പേരിട്ടത് തന്നെ. എന്നാൽ ചിലപ്പോൾ മക്കളുടെ പേര് മാറ്റാനും സാധ്യതയുണ്ടെന്ന് മാതാപിതാക്കൾ പറയുന്നു.

Read Also: ധാരാവിയിൽ ക്ലിനിക് നടത്തുന്ന ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു

‘ഇപ്പോൾ ഞങ്ങൾ ആൺകുട്ടിക്ക് പേരിട്ടിരിക്കുന്നത് കൊവിഡ് എന്നും പെൺകുഞ്ഞിന് പേര് നൽകിയിരിക്കുന്നത് കൊറോണയെന്നുമാണ്’ 27 വയസുകാരിയായ അമ്മ പ്രീതി വെർമ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ‘കുട്ടികളുടെ പ്രസവം നടന്നത് ഒരുപാട് കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും നേരിട്ടുകൊണ്ടാണ്. അതിനാൽ തന്നെ എന്റെ ഭർത്താവിനും എനിക്കും ആ ദിവസം മറക്കാൻ കഴിയില്ല. വൈറസ് ഭീകരവും ജീവന് ഭീഷണിയുമാണ്. എന്നാൽ അവയുടെ വരവ് ഒരുപാട് നല്ല ശീലങ്ങൾ ആളുകളിലുണ്ടാക്കി. വൃത്തിയും വെടിപ്പും ശീലിക്കാൻ കാരണമായി. അതിനാലാണ് ഈ പേരുകൾ ഞങ്ങളിലുടക്കിയത്.’ പ്രീതി പേരിടാനുള്ള കാരണം വ്യക്തമാക്കുന്നു.

പ്രീതിക്ക് പ്രസവ വേദന തുടങ്ങിയതിനാൽ ആംബുലൻസിനെ വിളിച്ചു. എന്നാൽ ആംബുലൻസിന് കനത്ത ചെക്കിംഗ് കടന്നാണ് ആശുപത്രിയിലെത്താനായത്. പക്ഷേ ലോക്ക് ഡൗൺ ആയതിനാൽ ബന്ധുക്കൾക്കൊന്നും ആശുപത്രിയിലെത്താൻ സാധിച്ചില്ല. കുഞ്ഞുങ്ങൾ ജനിച്ചത് ബിആർ അംബേദ്കർ മെമ്മോറിയൽ ആശുപത്രിയിലാണ്. ഇപ്പോൾ ആശുപത്രിയിലെ ജീവനക്കാരും സ്‌നേഹത്തോടെ അവരെ കൊവിഡെന്നും കൊറോണയെന്നും വിളിക്കുന്നു. സിസേറിയനിലൂടെ പുറത്തെത്തിയ രണ്ടു കുട്ടികളും സുഖമായിരിക്കുന്നുവെന്ന് ആശുപത്രിയിലെ പിആർ വ്യക്തമാക്കി.

 

coronavirus, named twins covid and corona

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top