കൊല്ലത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി

ഇന്നലെ രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിതരായ കൊല്ലം സ്വദേശികളുടെ എണ്ണം അഞ്ചായി. ഇതിൽ നാല് പേർ പാരിപ്പള്ളി മെഡിക്കൽ കോളജിലും ഒരാൾ തിരുവനന്തപുരത്തും ചികിത്സയിലാണ്. ഇന്നലെ ജില്ലയിൽ രോഗം സ്ഥിരീകരിച്ച രണ്ട് പേരും സ്ത്രീകളാണ്. ഇതിൽ ഒരാൾ ഗർഭിണിയും മറ്റൊരാൾ തബ്‌ലീഗ് സമ്മേളനം കഴിഞ്ഞ് മടങ്ങിയെത്തിയ വ്യക്തിയുമാണ്.
ഇട്ടിവ മണ്ണൂർ സ്വദേശിനിക്കും പുനലൂർ വാളക്കോട് സ്വദേശിനിക്കുമാണ് കൊല്ലം ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം നാലായി. 14 പേരാണ് പാരിപ്പള്ളി മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ ഉള്ളത്. 16,157 പേർ ജില്ലയിൽ ഗൃഹ നിരീക്ഷണത്തിൽ ഉണ്ട്. വിദഗ്ധ പരിശോധനക്ക് അയച്ച 814 സാമ്പിളുകളിൽ 78 എണ്ണത്തിന്റെ റിസൾട്ട് കൂടി വരാനുണ്ട്.
ഇന്നലെ രോഗം സ്ഥിരീകരിച്ച രണ്ടുപേരുടെയും റൂട്ട് മാപ്പ് ജില്ലാഭരണകൂടം പുറത്തുവിട്ടു. 27 കാരിയായ മണ്ണൂർ സ്വദേശിനി മാർച്ച് 20ന് ഭർത്താവുമൊത്ത് ഖത്തറിൽ നിന്നാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയ ഇവർ വീട്ടിൽ നിരീക്ഷണത്തിൽ തുടരുകയായിരുന്നു. മാർച്ച് 24ന് ചുണ്ട പ്രാഥമികാരോഗ്യകേന്ദ്രത്തിൽ സന്ദർശിച്ചതൊഴിച്ചാൽ മറ്റ് സഞ്ചാര ചരിത്രങ്ങൾ ഇല്ല.
പുനലൂർ വാളക്കോട് രോഗം സ്ഥിരീകരിച്ചത് തബ്‌ലീഗ് സമ്മേളനം കഴിഞ്ഞ് മടങ്ങിയെത്തിയ സ്ത്രീക്കാണ്. ഇവരും ഭർത്താവും ഒന്നിച്ചായിരുന്നു സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയത്. മാർച്ച് 23ന് നാട്ടിലെത്തി വീട്ടിൽ തന്നെ നിരീക്ഷണത്തിൽ തുടരുകയായിരുന്നു ഇരുവരും.
Story Highlights- coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here